ഫ്രാൻസിൽ സമാധാനത്തിനു ആഹ്വാനം നൽകിക്കൊണ്ട് മെത്രാന്മാർ

ഫ്രാൻസിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറുന്ന അക്രമപരമ്പരകളുടെയും അശാന്തിയുടെയും പശ്ചാത്തലത്തിൽ, രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച്  ഫ്രഞ്ച് മെത്രാൻ സമിതി  പ്രസിഡന്റും മാർസെയ്‌ലെ മെത്രാപ്പോലീത്തയുമായ കർദ്ദിനാൾ ഷാൻ-മാർക്ക് അവെലീനും,  ലിയോൺ മെത്രാപ്പോലീത്ത ഒലിവിയെ  ഡി ജെർമേയും  രംഗത്തെത്തി. പാരീസിലും ഫ്രാൻസിലെ മറ്റു പ്രധാന നഗരങ്ങളിലും ഒക്ടോബർ 17 ശനിയാഴ്ച വീണ്ടും ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായ സാഹചര്യത്തിലാണ് മാർസെയ്‌ൽ അതിരൂപതയുടെ വെബ്‌സൈറ്റിലൂടെ കർദ്ദിനാൾ  തന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചത്.

നഗരത്തിൽ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സാഹചര്യം രാജ്യത്തെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായി നടന്ന ഈ അക്രമങ്ങളിൽ നിരവധി കടകൾ കൊള്ളയടിക്കപ്പെടുകയും പള്ളികളും ടൗൺ ഹാളുകളും പോലീസ് സ്റ്റേഷനുകളും തകർക്കപ്പെടുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെപോലും ആക്രമണമുണ്ടായ ഈ അവസ്ഥയെ "അംഗീകരിക്കാനാവാത്തത്" എന്ന് വിശേഷിപ്പിച്ച കർദ്ദിനാൾ, പരിക്കേറ്റവരോടും നാശനഷ്ടങ്ങൾ സംഭവിച്ച കടയുടമകളോടും അതിരൂപതയുടെ പേരിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ലിയോൺ അതിരൂപതാ മെത്രാപ്പോലീത്ത ഒലിവിയെ  ഡി ജെർമേ സമൂഹമാധ്യമമായ  'എക്സിലൂടെ' (X) തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അക്രമങ്ങൾക്ക് ഇരയായ കടയുടമകൾ, നിയമപാലകർ, സമാധാനപരമായി പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് അദ്ദേഹം പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഓവെർൺ-റോൺ-ആൽപ്സ് മേഖലയുടെ തലസ്ഥാനത്ത് ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമങ്ങൾ, ന്യായമായ പരാതികൾ ഉന്നയിക്കാനുള്ള ഒരു പ്രതിഷേധത്തിന്റെ എല്ലാ അതിർവരമ്പുകളും ലംഘിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ അക്രമങ്ങൾ പ്രതിസന്ധിയിലായ ഒരു സമൂഹത്തിന്റെ ലക്ഷണമാണെന്നും, ജനങ്ങളുടെ പരാതികൾ അധികാരികൾ അവഗണിക്കാൻ പാടില്ലെന്നും ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. എന്നാൽ, പരാതികൾ അധികാരികളെ അറിയിക്കാനുള്ള മാർഗ്ഗമല്ല അക്രമവും കൊള്ളയടിക്കലും എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം വഴിവിട്ട അക്രമങ്ങൾ അനീതിയിലേക്കും ഭിന്നതയിലേക്കും മാത്രമേ നയിക്കൂ എന്നും കൂട്ടിച്ചേർത്തു.

അതുകൊണ്ട് പരസ്പരം പോരടിച്ചുകൊണ്ടല്ല, മറിച്ച് ഒന്നിച്ച് നിന്നുകൊണ്ടാണ് നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളികളെ നാം നേരിടേണ്ടത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംഘർഷങ്ങൾ എത്രയും വേഗം അവസാനിക്കാനും സമാധാനം പുനഃസ്ഥാപിക്കപ്പെടാനും എല്ലാ വിശ്വാസികളോടും പ്രാർത്ഥിക്കാനും, സമാധാനസ്ഥാപകരാകാനും അദ്ദേഹം  ആഹ്വാനം ചെയ്തു.