വത്തിക്കാൻ മീഡിയ, ബസിലിക്കയുടെ നിർമ്മാണ, സംരക്ഷണ സമിതി (Fabbrica di San Pietro), എന്നിവയുമായി സഹകരിച്ച് 'എ.എഫ് ഫിലിംസ്' (AF Films) നിർമ്മിച്ച, 'പെത്രോസ് എനി: അല്ലാ സ്കോപെർത്ത ദെല്ലെ ഒറിജിനി' (Pétros ení: Discovering the Origins) എന്ന പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലർ റോം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ സാന്നിധ്യമാണ്. റോമിന്റെയും ക്രൈസ്തവ വിശ്വാസത്തിന്റെയും ഹൃദയഭാഗമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചരിത്രം, ആത്മീയത, പുരാവസ്തു ഗവേഷണങ്ങൾ എന്നിവ വിശകലനം ചെയ്യുന്ന ചിത്രത്തിൽ അപ്പസ്തോലനായ വിശുദ്ധ പത്രോസിനെക്കുറിച്ചുള്ള പാപ്പായുടെ സന്ദേശവും ഉൾപ്പെടുന്നു.
1626 നവംബർ 18-ന് ബസിലിക്ക കൂദാശ ചെയ്തതിന്റെ 400-ാം വാർഷിക ദിനമായ ഈ വരുന്ന നവംബർ 18-നാണ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നത്.
മുഖ്യ സവിശേഷതകൾസംവിധാനം: പൗള ഒർട്ടിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ അന്ത്രെയാ തൊർണിയെല്ലിയുടേതാണ്. പ്രശസ്ത ഹോളിവുഡ് നടൻ ക്രിസ് പ്രാറ്റ് ചിത്രത്തിന്റെ വിവരണം നിർവ്വഹിച്ചിരിക്കുന്നു. വിശുദ്ധ പത്രോസിന്റെ കല്ലറയിലേക്കും അപ്പസ്തോലന്റെ ജീവിതത്തിലേക്കും മാനുഷിക വശങ്ങളിലേക്കും പ്രേക്ഷകരെ നയിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഏകദേശം 60 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൽ, പ്രാറ്റ് വത്തിക്കാൻ ഭൂഗർഭ കല്ലറകൾ സ്ഥിതി ചെയ്യുന്ന ഹൃദയഭാഗത്തേക്ക് ഒരു തീർത്ഥാടകനെപ്പോലെ സഞ്ചരിക്കുന്നു.
ആറ് വർഷങ്ങൾക്ക് മുമ്പ് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ എത്തിയ ക്രിസ് പ്രാറ്റ്, ബസിലിക്കയിൽ ചെലവഴിച്ച നിമിഷങ്ങൾ തന്റെ ജീവിതത്തെയും വിശ്വാസത്തെയും ആഴത്തിൽ സ്വാധീനിച്ചതായി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. "വിശുദ്ധ പത്രോസ് ഒരു സാധാരണക്കാരനും ബലഹീനനുമായ മനുഷ്യനായിരുന്നു. നമ്മളെല്ലാവരും അപൂർണ്ണരും ബലഹീനരുമാണ്, എന്നാൽ അദ്ദേഹത്തിന്റെ യഥാർത്ഥ കരുത്ത് ദൈവത്തിലുള്ള വിശ്വാസത്തിലും യേശുക്രിസ്തുവിന്റെ കൃപയിലുമായിരുന്നു" എന്ന് ക്രിസ് പ്രാറ്റ് കൂട്ടിച്ചേർത്തു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പന്ത്രണ്ടാം പീയൂസ് പാപ്പായുടെ നിർദ്ദേശപ്രകാരം ആരംഭിച്ച ആദ്യത്തെ ഖനനങ്ങൾ മുതൽ, പത്രോസിന്റെ തിരുശേഷിപ്പുകൾ കണ്ടെത്തിയതായി പോൾ ആറാമൻ പാപ്പാ സ്ഥിരീകരിച്ചതു വരെയുള്ള ശാസ്ത്രീയവും ആത്മീയവുമായ ചരിത്രം ചിത്രം പുനരാവിഷ്കരിക്കുന്നു.
എളിയവനായ ഒരു ഗലീലിയൻ മീൻപിടുത്തക്കാരനെ, അവൻ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞിട്ടുപോലും, ക്ഷമിച്ച് തന്റെ സഭയുടെ ചുമതലയേൽപ്പിച്ച ക്രിസ്തീയ വിരോധാഭാസമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണമെന്ന് വത്തിക്കാൻ മാധ്യമ ഡികസ്റ്ററിയുടെ പ്രീഫെക്റ്റ് ഡോ.പൗളോ റുഫിനി ചൂണ്ടിക്കാണിച്ചു.