വൈദികനായി രണ്ട് മാസത്തിനുള്ളില്‍ രക്തസാക്ഷിത്വം; ഫാ. ജുവാനും രക്തസാക്ഷികളായ 19 സഹവൈദികരും ഇനി വാഴ്ത്തപ്പെട്ടവര്‍

1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ രക്തസാക്ഷിത്വം വരിച്ച ഫാ. ജുവാന്‍ ടോറസ് ടോറസിനെയും 19 സഹവൈദികരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ബലേറിക് ദ്വീപുസമൂഹങ്ങളുടെ ചരിത്രത്തില്‍ നടന്ന ആദ്യ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങില്‍ വിശുദ്ധരുടെ നാമകരണ കാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമെരാറോ മുഖ്യകാര്‍മികത്വം വഹിച്ചു.

സ്പെയിനിന്‍റെ ഭാഗമായ ബലേറിക് ദ്വീപിലെ ഇബിസ കത്തീഡ്രലിലാണ് വിശുദ്ധ കുര്‍ബാനയും നാമകരണ ചടങ്ങുകളും നടന്നത്.

1936 ഓഗസ്റ്റ് 7 നും സെപ്റ്റംബര്‍ 13 നും ഇടയിലുള്ള അഞ്ച് ആഴ്ചകള്‍ക്കുള്ളിലാണ് ഇബിസ രൂപതയിലെ ഈ ഇരുപത് വൈദികര്‍ നിഷ്ഠൂരമായി വധിക്കപ്പെട്ടത്. 24 മുതല്‍ 77 വയസ്സുവരെ പ്രായമുള്ളവരായിരുന്നു ഇവര്‍. 1936 ജൂണ്‍ 6-ന് വൈദികപട്ടം സ്വീകരിച്ച് വെറും രണ്ട് മാസത്തിനുള്ളില്‍ രക്തസാക്ഷിത്വം വരിച്ച 24-കാരനായ ഫാ. ജുവാന്‍ ടോറസ് ടോറസ് ആണ് കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഇദ്ദേഹത്തെ വധിച്ച ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു. 1884-ല്‍ പട്ടം ലഭിച്ച ഫാ. ജോസ് ടൂര്‍ ബെന്നാസറാണ് (77) സംഘത്തിലെ ഏറ്റവും മുതിര്‍ന്ന വൈദികന്‍. സെപ്റ്റംബര്‍ 13-ന് ഡാല്‍റ്റ് വില്ല കോട്ടയില്‍ വെച്ചാണ് ഇവരില്‍ 17 വൈദികരെയും വധിച്ചത്. 20 വാഴ്ത്തപ്പെട്ടവരുടെയും തിരുനാള്‍ നവംബര്‍ 6-ന് ആചരിക്കും.