സ്റ്റാൻസ്വാമിക്കൊപ്പം

മൂന്ന് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ജെസ്വിറ്റ് വൈദിക നായ സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസിൽപ്പെടുത്തി എൻഐഎ അറസ്റ്റ് ചെയ്തത് മനുഷ്യാവകാശങ്ങളുടെയും ജനാധിപത്യ മാനദണ്ഡങ്ങളുടെയും കടുത്ത ലംഘനമാണ്. ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു. 83 വയസ്സുള്ള സ്റ്റാൻ സ്വാമി, ദലിത് സമൂഹങ്ങളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനാണ്. സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്ത രീതി എൻഐഎ അധികാരികളുടെ മനുഷ്യത്വരഹിതവും ആത്മാർത്ഥതയില്ലാത്തതുമായ പ്രതികാര നടപടികളായി വേണം കാണാൻ. ജൂലൈ 27 മുതൽ ജൂലൈ 30 വരെയും ഓഗസ്റ്റ് ആറിനും എൻഐഎ പതിനഞ്ച് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തീവ്ര ഇടതുപക്ഷ ശക്തികളുമായോ മാവോയിസ്റ്റുകളുമായോ യാതൊരു ബന്ധവും ഇല്ലായെന്ന് സ്റ്റാൻ വ്യക്തമാക്കിയിട്ടുണ്ട്.തന്റെ കംപ്യൂട്ടറിൽനിന്ന് കണ്ടെത്തിയതായി എൻഐഎ ആരോപിക്കുന്ന ചില സോഷ്യൽ എക്സ്ട്രാക്റ്റുകൾ വ്യാജവും കെട്ടിച്ചമച്ചതുമാണെന്നും അദ്ദേഹം എൻഐഎയോട് വ്യക്തമായി പറഞ്ഞിരുന്നു. കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള വന്ദ്യവയോധികനായ വൈദികനെ എൻഐഎ അറസ്റ്റ് ചെയ്യുകയും മുംബൈയിലേക്ക് കൊണ്ടുപോകുകയും ചെയ്തത് ആശങ്കാജനകമാണ്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾക്കും സർക്കാർ നയങ്ങൾക്കുമെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചതും ഭരണകൂടത്തിൻ്റെ അനിഷ്ടത്തിന് കാരണമായതായി അറസ്റ്റിന് രണ്ട് ദിവസം മുൻപുള്ള പ്രസ്താവനയിൽ അദ്ദേഹം പറയുന്നുണ്ട്.

ഉത്തരേന്ത്യയിലെ ആദിവാസികളുടെയും ദളിതരുടെയും സമഗ്രമായ ഉന്നമനത്തിനായി ദശാബ്ദങ്ങളായി ജസ്വിറ്റ്സ് പ്രവർത്തിച്ചുവരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കിടയിൽ രക്തസാക്ഷിത്വം വരിച്ച അനേകം ഈശോസഭക്കാരുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വരോട് പക്ഷം ചേരുന്നതിന് ഈശോസഭ എന്നും മുൻഗണന നൽകുന്നു. ഈശോ സഭയുടെ സാർവത്രിക സൂനഹദോസുകളിലും ഈ മുൻഗണനാ ദൗത്യം ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചി,ഹസാരിബാഗ്,ഭുവനേശ്വർ, ജാംഷഡ്പൂർ എന്നിവിടങ്ങളിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ ഇതിൻറെ നേർസാക്ഷ്യങ്ങളാണ്.ജാർഖണ്ഡ് സംസ്ഥാനത്തെ ആദിവാസികളുടെയും മറ്റും നിരാലംബരുടെയും അവകാശങ്ങൾക്കായി പോരാടുന്ന സ്റ്റാൻ സ്വാമിയുടെ ജീവിതം ഇതേ പ്രതിബദ്ധതയുടെ ഭാഗമാണ്.

ആദിവാസി സമൂഹങ്ങളുടെ ഭൂമി-വനം- തൊഴിൽ അവകാശങ്ങൾക്കായി ദശാബ്ദങ്ങൾക്ക് മുമ്പേ ഫാ.സ്റ്റാൻ ശബ്ദമുയർത്തിയിരുന്നു. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ പ്രകാരം ആദിവാസി വിഭാഗങ്ങളെ മാത്രം ഉൾകൊള്ളിച്ചു ഗോത്ര ഉപദേശക സമിതി രൂപീകരിക്കാനുള്ള വ്യവസ്ഥ നടപ്പിലാക്കാത്തതിനെയും കോർപറേറ്റുകൾ പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജാർഖണ്ഡിലെ ഭൂപരിഷ്കരണവും ഭൂമി ഏറ്റെടുക്കൽ നിയമവും ഭേദഗതി ചെയ്യാനുള്ള ബിജെപി സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും വനാവകാശ നിയമം, പെസ, അനുബന്ധ നിയമങ്ങൾ എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിക്കുന്നയാളാണ് സ്റ്റാൻ. സൗമ്യനും സത്യസന്ധനും നിസ്വാർത്ഥനുമായ അസാധാരണനായ വ്യക്തിയായിട്ടാണ് ഞങ്ങൾ സ്റ്റാനെ അറിയുന്നത്. അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സേവനത്തോടും ഞങ്ങൾക്ക് വളരെ ഉയർന്ന ആദരവാണുള്ളത്. ഭീമാ-കൊറെഗാവ് കേസ് മോദി സർക്കാർ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ആദിവാസികളുടെയും ദലിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരെ ലക്ഷ്യമിടുകയും ഉപദ്രവിക്കുകയും ചെയ്യുക, സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്തുക എന്നിവയാണ് കേസിന്റെ പ്രധാന ലക്ഷ്യം. ഭരണഘടനാ മൂല്യങ്ങളെ ദുർബലപ്പെടുത്താനും വിയോജിപ്പുകൾ അടിച്ചമർത്താനും കേന്ദ്രസർക്കാർ എത്രത്തോളം തയ്യാറാണെന്ന് ഭീമ-കൊറെഗാവ് ഗൂഡാലോചന കേസ് തുറന്നുകാട്ടുന്നു. സ്റ്റാൻ സ്വാമിയുടെ അറസ്റ്റ് ജാർഖണ്ഡിലെ മനുഷ്യ, ഭരണഘടനാ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരെയുള്ള ആക്രമണം കൂടിയാണ്.

ഇപ്പോൾ ജയിലിലടക്കപ്പെട്ടിരിക്കുന്ന സ്റ്റാൻ സ്വാമിക്ക് കോവിഡ് മാനദണ്ഡത്തിന്റെ മറവിൽ ഫോൺ ചെയ്യാനോ, നിയമ സഹായം തേടാനോ ഉള്ള അവസരം നിഷേധിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ നിലവിലിരിക്കുന്ന നടപടിക്രമങ്ങൾ അവഗണിച്ചുകൊണ്ടുള്ള ഈ അറസ്റ്റിനെ അപലപിക്കുന്നതോടൊപ്പം ഉടൻതന്നെ ഫാ.സ്റ്റാനിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടാകണമെന്ന് ഈശോസഭയുടെ പേരിൽ ആവശ്യപ്പെടുന്നു.  ഫാ. ഡോ. ഇ. പി. മാത്യു, SJ, കേരള ജസ്വിറ്റ് പ്രൊവിൻഷ്യാൾ