വിശ്വാസം എപ്രകാരമാണ് ചരിത്രത്തെ രൂപപ്പെടുത്തിയതെന്നനാണ് വിശുദ്ധരുടെ ജീവിതങ്ങൾ നമുക്ക് കാണിച്ചുതരുന്നതെന്ന് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട വത്തിക്കാൻ ഡികാസ്റ്ററി, "വിശുദ്ധി ചരിത്രത്തിൽ" എന്ന പേരിൽ, റോമിലെ അഗസ്റ്റീനിയാനം പാട്രിസ്റ്റിക് ഇൻസ്റ്റിട്യൂട്ടിൽ സംഘടിപ്പിച്ച കോൺഫറസിൽ സംബന്ധിച്ചവരെ ഒക്ടോബർ 21 ബുധനാഴ്ച അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഏതു ലക്ഷ്യത്തോടെ വേണം വിശുദ്ധരുടെ ജീവിതത്തെക്കുറിച്ച് പഠനാന്വേഷണങ്ങൾ നടത്തേണ്ടതെന്നതിനെക്കുറിച്ചും പാപ്പാ ഉദ്ബോധിപ്പിച്ചു.
വിശ്വാസത്തെ ചരിത്രവുമായി ബന്ധപ്പെടുത്തുകയും, തങ്ങളുടെ സാന്നിദ്ധ്യവും സാക്ഷ്യവും കൊണ്ട് ചരിത്രത്തെ മാറ്റുകയും ചെയ്തവരാണ് വിശുദ്ധരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "പുരാതനകാലത്തെ വിശുദ്ധരുടേതായാലും സമീപകാല സാക്ഷ്യങ്ങളുടേതായാലും, ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നവരുടെ വിശുദ്ധജീവിതം, യാതൊരു സംശയങ്ങൾക്കും ഇടനൽകാത്ത വിധം ആധികാരികവും വിശ്വസനീയവുമായ സാക്ഷ്യങ്ങളാൽ സ്ഥിരീകരിക്കപ്പെടേണ്ടതുണ്ടെന്ന് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡികാസ്റ്ററി' അംഗങ്ങളോട് പരിശുദ്ധ പിതാവ് പറഞ്ഞു.
വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട നടപടികളിൽ ചരിത്രപഠനരീതികൾ ഉപയോഗിക്കുന്നത്, ചരിത്രപഠനലക്ഷ്യം മുന്നിൽ വച്ചല്ലെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ളവരുടെ മാതൃകാപരമായ ജീവിതം, ആത്മീയത, വിശുദ്ധരെന്ന നിലയിലുള്ള അവരുടെ സൽപ്പേര് എന്നിവ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണെന്ന് വിശദീകരിച്ചു.
ചരിത്രപരവും സാംസ്കാരികവുമായ മാറ്റങ്ങൾ വിശുദ്ധി എന്ന ആശയത്തെ സ്വാധീനിക്കുന്നത് എപ്രകാരമാണെന്നതിനെക്കുറിച്ച് ചരിത്രപരമായ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, കാലമനുസരിച്ച് വിശുദ്ധി വ്യത്യസ്തമാകുന്നു എന്നല്ല, ജീവിതത്തിലെ പ്രത്യേക സാഹചര്യങ്ങളെ സുവിശേഷത്തിന്റെ വെളിച്ചത്തിൽ എപ്രകാരം വ്യാഖ്യാനിക്കാമെന്നാണ് ഇത് നമുക്ക് കാണിച്ചുതരുന്നതെന്ന് പ്രസ്താവിച്ചു.
വിശുദ്ധരുടെ സാന്നിധ്യവും സാക്ഷ്യവും ചരിത്രത്തെ എപ്രകാരമാണ് പരിവർത്തനം ചെയ്യുന്നത് എന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവ് സംസാരിച്ചു. തങ്ങളുടെ ജീവിതസാഹചര്യങ്ങളിൽ ദൈവത്തിന്റെ വിളിക്ക് പ്രത്യുത്തരം നൽകിക്കൊണ്ട്, വിശ്വാസത്തെ ചരിത്രവുമായി ബന്ധപ്പെടുത്തുകയും, ദൈവരാജ്യവളർച്ചയ്ക്കായി തങ്ങളുടെ ജീവിതം സമർപ്പിക്കുകയാണ് വിശുദ്ധർ ചെയ്തതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിശ്വാസത്താൽ രൂപപ്പെട്ട ഒരു ചരിത്രമാണ് വിശുദ്ധർ നമുക്ക് കാണിച്ചുതരുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു.