മാനവികതയുടെ സന്ദേശം ലോകമെങ്ങും എത്തിച്ച കാരുണ്യത്തിന്റെ പ്രവാചകനായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ. തന്റെ നെഞ്ചിലേക്ക് വെടി ഉതിര്‍ത്ത അലി അഗ്കയെ ജയില്‍ചെന്നു ചേര്‍ത്തുപിടിക്കാന്‍മാത്രം വലുപ്പം ഉണ്ടായിരുന്നു ആ വലിയ മനസിന്.
കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല ഈ പാപ്പയെ. കേരളം സന്ദര്‍ശിച്ച ഏക പാപ്പയാണ് ജോണ്‍ പോള്‍. പാപ്പയുടെ കേരള സന്ദര്‍ശനത്തിന് നാല് പതിറ്റാണ്ടു കള്‍ പിന്നിടുന്ന റൂബി ജൂബിലി വര്‍ഷമാണ് 2026. കോട്ടയം, നാഗമ്പടം മൈതാനിയില്‍ ചാവറ കുര്യാക്കോസ് അച്ചനെയും സിസ്റ്റര്‍ അല്‍ഫോന്‍ സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് സുവര്‍ണലിപികളില്‍ എഴുതപ്പെട്ട ചരിത്രനിമിഷമായിരുന്നു. പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച അല്‍ഫോസാമ്മയും ചാവറയച്ചനുമൊക്കെ ഈ നാടിന്റെ പുണ്യമായി ഇപ്പോള്‍ വിശുദ്ധരുടെ നിരയിലാണ്.
പാപ്പയുടെ സ്‌നേഹംകൊണ്ട് തകര്‍ന്നുവീണത് ദൈവത്തെ മറച്ചുപിടിക്കാന്‍ ശ്രമിച്ച വമ്പന്‍ സാമ്രാജ്യങ്ങളാണ്. കമ്മ്യൂണിസ്റ്റ് രാജ്യമായ സോവിറ്റ് യൂണിയനെ തന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കണമെന്ന് ഫാത്തിമ ദര്‍ശനത്തില്‍ പരിശുദ്ധ മാതാവ് ആവശ്യപ്പെട്ടിരുന്നു. അതു ചെയ്തത് വിശുദ്ധ ജോണ്‍ പോള്‍ പാപ്പയായിരുന്നു. സോവിറ്റ് യൂണിയന്‍ ദൈവവിശ്വാസത്തിലേക്ക് മടങ്ങിയതിന്റെ പിന്നില്‍ ജോണ്‍ പോള്‍ പാപ്പയുടെ (Pope John Paul II) കരങ്ങള്‍ ഉണ്ടായിരുന്നു. സോവിറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവിനെ പാപ്പ ഏറെ സ്വാധീനിച്ചിരുന്നു. തന്റെ മാതൃരാജ്യമായ പോളണ്ടില്‍ കമ്മ്യൂണിസം തകര്‍ന്നതിന്റെ പിന്നിലും പാപ്പ ഉണ്ടായിരുന്നു.
സഹനങ്ങളിലൂടെ ജ്വലിച്ചുയര്‍ന്ന പാപ്പ
1920-ല്‍ പോളണ്ടിലായിരുന്നു പാപ്പയുടെ ജനനം. ഒമ്പതു വയസുള്ളപ്പോള്‍ സംഭവിച്ച അമ്മയുടെ മരണം അദ്ദേഹത്തെ വല്ലാതെ ഉലച്ചു. 12-ാം വയസില്‍ ഏക സഹോദരനെയും നഷ്ടമായി. 21-ാം വയസില്‍ പിതാവും മരിച്ചപ്പോള്‍ അനാഥനായി. ഇക്കാലയളവിലാണ് നാസി ജര്‍മ്മനി പോളണ്ടിനെ കീഴടക്കുന്നത്. പാറമടയില്‍ കഠിനാധ്വാനം ചെയ്ത ഒരു കാലവും പത്രോസിന്റെ ഈ പിന്‍ഗാമിക്ക് ഉണ്ടായിരുന്നു. സഹനങ്ങള്‍ ജീവിതത്തിന്റെ ഭാഗമായതുകൊണ്ടാകാം സഹജീവികളുടെ നൊമ്പരങ്ങള്‍ അദ്ദേത്തെ വല്ലാതെ ഉലച്ചിരുന്നതും.
രാജ്യങ്ങളെ കൂട്ടിയിണക്കിയ പാപ്പ
പരിശുദ്ധ കന്യാമാതാവിലുള്ള അടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്. ഫാത്തിമാ മാതാവിനോട് പ്രത്യേക ഭക്തി പുലര്‍ത്തിയിരുന്നു. 1981 മേയ് 13-ന് സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വച്ച് അലി അഗ്ക എന്ന തുര്‍ക്കി പൗരന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായെങ്കിലും അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി. തന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത് ഫാത്തിമാ മാതാ വിന്റെ കരങ്ങളാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
വത്തിക്കാനില്‍ നിന്നും ലോകത്തിന്റെ പല കോണുകളിലേക്കും അദ്ദേഹം നടത്തിയ അപ്പസ്തോലിക യാത്രകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. ക്യൂബ പോലുള്ള രാജ്യങ്ങളെപ്പോലും അദ്ദേഹം ഒഴിവാക്കിയില്ല. ലോകത്തെ ഒരു വലിയ കുടുംബമായി കണ്ട്, മനുഷ്യര്‍ക്കിടയിലെ അകല്‍ച്ചകള്‍ മാറ്റാന്‍ തന്റെ യാത്രകളെ പാപ്പ ഉപകരണമാക്കി. വി. ജോണ്‍ പോള്‍ പാപ്പ കണ്ടവരും പാപ്പയെ കണ്ടവരുമൊക്കെ കൂടുതല്‍ നല്ല മനുഷ്യരായി മാറുന്ന മനോഹരമായ കാഴ്ചകള്‍ക്കും ലോകം സാക്ഷ്യംവഹിച്ചു.