ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിൽ

ആദിവാസി ഗോത്രവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന 83 വയസ്സുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയാണ് തീവ്രവാദ ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി. ജാര്‍ഖണ്ഡില്‍ വ്യാഴാഴ്ചയായിരുന്നു അറസ്റ്റ്. Cetnral India യിലെ ആദിവാസി-ദളിത് സമൂഹങ്ങളുടെ ഉന്നമനത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയുള്ള ധീരമായ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ടു ജീവിക്കുന്ന അനേകം മനുഷ്യാവകാശപ്രവര്‍ത്തകരിലെ പ്രമുഖ ശബ്ദമാണ് സ്റ്റാന്‍ സ്വാമിയെന്ന തമിഴ്‌നാട് ട്രിച്ചി സ്വദേശിയായ ഈ ഈശോസഭാ വൈദികന്‍. ഇന്ത്യയിലെ ആദിവാസികള്‍ക്ക് ധാരാളം അവകാശങ്ങള്‍ അവരുടെ പരമ്പരാഗതജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ചിട്ടുണ്ട്. കാട്ടുനിവാസികളായും കാടിനെ ആശ്രയിച്ചു ജീവിക്കുന്നവരായും ധാരാളം സമൂഹങ്ങളുണ്ട് ഭാരതത്തില്‍. എന്നാല്‍ പലയിടത്തും അവരുടെ അടിസ്ഥാന അവകാശങ്ങള്‍ കൂടി നിഷേധിക്കപ്പെടുന്നു.

''മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഒറീസ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി ആദിവാസി സമൂഹങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയാണ്.  മൈനിംഗ്, ഡാം നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് അവരുടെ അറിവോടും സമ്മതത്തോടുമായിരിക്കണമെന്ന ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നു. അതാത്  സംസ്ഥാനങ്ങളിലെ ഗവര്‍ണറുമാരാണ് ഇത്തരം സംരക്ഷണം ഉറപ്പുവരുത്തേണ്ടത്. ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി നിരത്തിലിറങ്ങിയപ്പോള്‍ അവരുടെ മുകളിലൂടെ വാഹനം കയറിയിറക്കുമെന്ന ഭീഷണിയാണ് തങ്ങളുടെ മണ്ണിന്റെ സംരക്ഷണത്തിനായി ഒരുമിച്ച ആദിവാസികള്‍ കേട്ടത്. എല്ലാദിവസവും ആദിവാസികള്‍ നക്‌സലുകള്‍ എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു''.  ഒരു അഭിമുഖത്തില്‍ ഫാ. സ്റ്റാന്‍ സ്വാമി വ്യക്തമാക്കി.