സഭയുടെ ആത്മീയ മുന്നേറ്റത്തിൽ കാനോനികനിയമപഠനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് ലിയോ പതിനാലാമൻ പാപ്പാ

സഭയുടെ കൂട്ടായ്മ കാത്തുസൂക്ഷിക്കുന്നതിലും വിശ്വാസികളുടെ ആത്മീയ നന്മ ഉറപ്പാക്കുന്നതിലും കാനോനികനിയമത്തിന് നിർണ്ണയക പങ്കുണ്ടെന്നും, കരുണയോടെയുള്ള നീതിയാണ് സഭ ലക്ഷ്യമിടേണ്ടതെന്നും ലിയോ പതിനാലാമൻ പാപ്പാ. റോമിലുള്ള പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ കാനോനികനിയമവിഭാഗം തുടങ്ങിയതിന്റെ നൂറ്റിയൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർക്ക് ഒക്ടോബർ 23 വെള്ളിയാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. വ്യക്തികളുടെ ആത്മീയനന്മ ലക്ഷ്യമാക്കി, സത്യം, നീതി, കരുണ തുടങ്ങിയ മൂല്യങ്ങൾ പിന്തുടരുന്നതിന് കാനോനിക നിയമപഠനം ഉപകരിക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

1876 ഓഗസ്റ്റ് 16-ന് വാഴ്ത്തപ്പെട്ട ഒൻപതാം പീയൂസ് പാപ്പായുടെ തീരുമാനപ്രകാരം ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ സ്ഥാപിതമായ കാനോനികനിയമവിഭാഗത്തിന്റെ സുദീർഘമായ ചരിത്രവും അക്കാദമിക പാരമ്പര്യവും അനുസ്മരിച്ച പരിശുദ്ധ പിതാവ്, ഈ വിഭാഗത്തിലെ നിരവധി പണ്ഡിതന്മാരുടെ ഉദ്ബോധനങ്ങളിലൂടെ നിരവധി തലമുറകൾക്കാണ് ശാസ്ത്രീയവും സഭാപരവുമായ പരിശീലനം ലഭിച്ചിട്ടുള്ളതെന്ന് പ്രസ്താവിച്ചു.

കാനോനിക നിയമപഠനത്തിലൂടെ നിയമങ്ങളെക്കുറിച്ചുള്ള ബൗദ്ധികമായ അറിവ് നേടുക എന്നതിനൊപ്പം, സഭയുടെ കാഴ്ചപ്പാടിൽ നീതിയുക്തമായത് എന്തെന്ന് തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും സഹായകരമാകുന്ന വിധത്തിൽ വേണം വ്യക്തികളെ രൂപപ്പെടുത്തേണ്ടതെന്ന് ഓർമ്മപ്പിച്ച പരിശുദ്ധ പിതാവ്, ഇത്തരുണത്തിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖകൾ ഉൾപ്പെടെയുള്ള സഭാപ്രബോധനങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.

അപ്പസ്തോലിക സിംഹാസനത്തിനും പാപ്പായ്ക്കും ഈ പ്രമുഖ സർവ്വകലാശാലയിലെ കാനോനികനിയമവിഭാഗം നൽകുന്ന പിന്തുണയും സേവനങ്ങളും പരാമർശിച്ച പാപ്പാ, റോമിന്റെ മെത്രാനിൽ സഭയുടെ ഐക്യത്തിന്റെ ദൃശ്യമായ അടിസ്ഥാനം കാണാൻ സഹായിക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചു.  ലോകത്തിന്റെ വിവിധയിടങ്ങളിൽനിന്ന് റോമിൽ എത്തുന്ന വിദ്യാർത്ഥികൾക്ക്, തങ്ങളുടെ പഠനത്തിനൊപ്പം സർവ്വത്രിക സഭയുടെ കൂട്ടായ്‌മയും ഐക്യവും അനുഭവിച്ചറിയാൻ കഴിയേണ്ടതിന്റെയും, പഠനശേഷം മടങ്ങുന്ന അവർ, തങ്ങളുടെ പ്രാദേശികസഭകളിൽ ഈ അനുഭവം സമൂഹനന്മ ലക്ഷ്യമാക്കി പങ്കുവയ്‌ക്കേണ്ടതിന്റെയും ആവശ്യവും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.