സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം: പാപ്പാ

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ, ആക്രമണങ്ങളെയും, പ്രത്യേകിച്ച്, യെമെനിലും, ജോർദാനിലും നടന്ന നരനായാട്ടിനെയും എടുത്തു പറഞ്ഞുകൊണ്ട്, സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ,  പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഏവരെയും ആഹ്വാനം ചെയ്തു. ഒക്ടോബർ മാസം ഇരുപത്തിയഞ്ചാം  തീയതി, വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്ക് ശേഷമാണ് പാപ്പാ, ഈ പ്രാർത്ഥനാഭ്യർത്ഥനകൾ നടത്തിയത്.

ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും വൈദ്യസഹായത്തിന്റെയും കുറവുമൂലം ജനങ്ങൾ കഷ്ടപ്പെടുന്ന യെമനിലെ, വിശിഷ്യാ തെയ്സ് നഗരത്തിലെ ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിൽ പാപ്പാ തന്റെ ആശങ്ക രേഖപ്പെടുത്തി. ശത്രുതകൾ അവസാനിപ്പിക്കണമെന്നും യെമൻ ജനതയ്ക്കും പ്രദേശത്തെ എല്ലാ ജനങ്ങൾക്കും സമാധാനത്തോടെ ജീവിക്കാൻ അവസരം ഒരുക്കണമെന്നുമുള്ള അഭ്യർത്ഥനയും പാപ്പാ നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച ജോർദാനിലെ ഹമ്മൂദിലുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വിശ്വാസികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പാപ്പാ തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്തു. സമാധാനപരമായ സഹവർത്തിത്വം പുലരുന്നതിനുള്ള ആഹ്വാനവും,  വിവിധ മതങ്ങൾ തമ്മിലുള്ള ബഹുമാനത്തിനും പേരുകേട്ട ജോർദാൻ രാജ്യത്തോടുള്ള തന്റെ ഐക്യദാർഢ്യവും പാപ്പാ അറിയിച്ചു.

ഒക്ടോബർ 27-ന്, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ  വിളിച്ചുകൂട്ടിയ ലോക സമാധാനത്തിനായുള്ള പ്രാർത്ഥനാദിനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച്, അസ്സീസിയിൽ  വച്ച് നടക്കുന്ന, സമ്മേളനത്തെക്കുറിച്ച് പാപ്പാ അനുസ്മരിച്ചു. യുദ്ധങ്ങൾ മരണം വിതയ്ക്കുക മാത്രമല്ല, ലോകത്തെ ദരിദ്രമാക്കുകയും നശിപ്പിക്കുകയും ചെയ്യുമെന്നും, അതിനാൽ സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും വഴികൾ തിരഞ്ഞെടുക്കാൻ കർത്താവ് ഏവർക്കും പ്രചോദനം നല്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.