ക്രിസ്തുവിൽ വേരുകൾ ഉറപ്പിച്ചുകൊണ്ട്, ലോകത്തിൽ ദൗത്യം കണ്ടെത്തുകയാണ് സന്യാസസമർപ്പണത്തിന്റെ ചൈതന്യം: പാപ്പാ

വിശുദ്ധ ജോവാന്ന ആന്റിഡ തോറെയുടെ ചാരിറ്റി സിസ്റ്റേഴ്സ് സഭയിലെ, ഇലക്ടറൽ ജനറൽ ചാപ്റ്റർ പ്രതിനിധികൾക്ക്, ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സുപ്പീരിയറിനു ആശംസകൾ അർപ്പിച്ചതോടൊപ്പം, സുപ്പീരിയറിന്റെ സേവനത്തിൽ ഉപദേശിക്കാനും സഹായിക്കാനും ചുമതലപ്പെട്ട സഹോദരിമാരെയും കർത്താവിനു സമർപ്പിച്ചു പ്രാർത്ഥിച്ചു.

സന്യാസസഭകളിലെ ജനറൽ ചാപ്റ്ററുകൾ ദൈവജനത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന്റെ പ്രത്യേക സന്ദർഭമാണെന്നു പാപ്പാ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളോട് വിധേയത്വമുള്ള മനോഭാവത്തിൽ, കൂട്ടായ്മയിൽ വർത്തിച്ച ദിനങ്ങളായിരുന്നു ചാപ്റ്റർ എന്നും, ഈ "ഒരുമിച്ചുസമർപ്പിക്കുന്നതിന്റെ " പ്രാധാന്യം മനസിലാക്കിയ ആളായിരുന്നു, വിശുദ്ധ ജോവാന്ന എന്നതും പാപ്പാ എടുത്തു പറഞ്ഞു.

ചാപ്റ്ററിന്റെ പ്രമേയമായ, ക്രിസ്തുവിൽ വേരുകൾ ഉറപ്പിച്ചുകൊണ്ട്, ലോകത്തിൽ ദൗത്യം കണ്ടെത്തുക എന്നത്, സന്യാസ സമർപ്പണത്തിന്റെയും, നിങ്ങളുടെ  പ്രവർത്തനത്തിന്റെയും  സത്തയെ ഉചിതമായി വിവരിക്കുന്നുവെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ക്രിസ്തുവിൽ വേരൂന്നിയവർ എന്ന് പറയുമ്പോൾ, ഏവരുടെയും ജീവിതത്തിന്റെയും, ചിന്തകളുടെയും കേന്ദ്രത്തിൽ ക്രിസ്തുവിനെ പ്രതിഷ്ഠിക്കുകയും, ഓരോ നിമിഷവും അവന്റെ സാന്നിധ്യം അനുഭവിക്കാനും ആഘോഷിക്കാനും നമ്മെത്തന്നെ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണെന്നും, അപ്രകാരം, നമുക്കിടയിലെ ഐക്യം വളർത്തുവാനും, അപരനെ കൂടുതൽ സഹായിക്കുവാനും സാധിക്കുമെന്നും പാപ്പാ എടുത്തുപറഞ്ഞു.

മനുഷ്യനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന  ഒരു സമൂഹത്തിൽ, അപരന്റെ സമഗ്രവും ആത്മീയവും ഭൗതീകവുമായ  നന്മയിൽ ശ്രദ്ധ ചെലുത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. എല്ലാവരുടെയും, പ്രത്യേകിച്ച് ദരിദ്രരായ സഹോദരങ്ങളുടെ  അന്തസ് വീണ്ടെടുക്കുന്നതിനും അവരുടെ ഉന്നമനത്തിനും,  ആധികാരികമായ ബഹുമാനത്തിനും, ഈ ജീവകാരുണ്യപ്രവർത്തനങ്ങളാണ് അടിസ്ഥാനമെന്നതും പാപ്പാ കൂട്ടിച്ചേർത്തു.

വിശുദ്ധ ജോവന്നയുടെ സ്വർഗ്ഗപ്രാപ്തിയുടെ, ഈ ദ്വിശതാബ്ദി വർഷത്തിൽ, കർത്താവ് ഇത്രയധികം സഭയെ അനുഗ്രഹിച്ചുവെന്നതിന്റെ തെളിവാണ്,  മുപ്പത്തിരണ്ട് രാജ്യങ്ങളിലായി വികസിച്ച ഈ സന്യാസസഭയുടെ സമ്പന്നതയും വൈവിധ്യവുമെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ദൈവത്തിന്റെയും സഭയുടെയും ദൃഷ്ടിയിൽ വളരെയധികം  വിലപ്പെട്ട ഉദാരമായ സേവനം ഇനിയും തുടരുവാൻ സാധിക്കട്ടെയെന്ന ആശംസയും പാപ്പാ നൽകി.