ആലപ്പുഴ: ആലപ്പുഴ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 10ന് ആരംഭിച്ച ഒരു വർഷം നീളുന്ന ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനോദ്ഘാടനം അർത്തുങ്കൽ ബസിലിക്കയിൽ രൂപതാധ്യക്ഷൻ ബിഷപ്പ് ജയിംസ് റാഫേൽ ആനാപറമ്പിൽ നിർവഹിച്ചു.
ഒക്ടോബർ 26ന് വൈകിട്ട് വൈദികർ, സന്യസ്തർ, അൽമായർ എന്നിവരുടെ നേതൃത്യത്തിൽ ചേർന്ന യോഗത്തിലാണ് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയത്. രൂപതാ വികാരി ജനറൽ മോൺ. ജോയ് പുത്തൻവീട്ടിൽ ചെയർമാനും അർത്തുങ്കൽ ബസിലിക്ക റെക്ടർ വെരി. റവ ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ കൺവീനറുമായ സ്റ്റിയറിങ് കമ്മിറ്റിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്യം നൽകുന്നത്. 2027 ഡിസംബർ 30ന് ജൂബിലി സമാപിക്കും. ഇന്ത്യയിലെ അപ്പസ്തോലിക നൂൺഷ്യോ ഉൾപ്പെടെ ദേശീയ സംസ്ഥാന ജില്ലാ നേതാക്കളെയും സാംസ്കാരിക രംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ച് നാലുദിവസം നീളുന്ന സമാപനാഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രൂപതയിലെ ആറു ഫൊറോനകൾ കേന്ദ്രീകരിച്ച് ഏകദിന പരിപാടികളും ഇടവകതല ആഘോഷങ്ങളും സംഘടിപ്പിക്കും. 35,000ത്തിലധികം കുടുംബങ്ങളെ പങ്കെടുപ്പിച്ചുള്ള മഹാസംഗമവും പദ്ധതിയിലുണ്ട്. ജൂബിലിയുടെ ഭാഗമായി നിർധനർക്കായി 75 ഭവനങ്ങൾ പൂർത്തിയാക്കുക, അത്യാസന്ന രോഗികൾക്കായി പുന്നപ്ര കേന്ദ്രീകരിച്ച് ഹോസ്പീസ് ആരംഭിക്കുക, കണ്ടക്കടവിൽ മിനി പാസ്റ്ററൽ സെൻ്റർ സ്ഥാപിക്കുക തുടങ്ങിയ പദ്ധതികൾ നടപ്പുവർഷം പൂർത്തിയാക്കണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസം, സാമൂഹിക സേവനം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ ജനോപകാരപ്രദമായ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ചതായി കൺവീനർ ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ അറിയിച്ചു. 2026 ഡിസംബറിൽ അർത്തുങ്കലിൽ ജൂബിലിയുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയും സംഘടിപ്പിക്കും. യോഗത്തിൽ കൃപാസനം ഡയറക്ടർ ഫാ. വി.പി. ജോസഫ്, ചാൻസലർ ഫാ. ജുഡോ ൊണ്ടപ്പശ്ശേരിൽ, ഫാ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ഫാ. ജോൺസൺ പുത്തൻവീട്ടിൽ, ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ, ഫാ. സൈമൺ കുരിശിങ്കൽ, ഫാ. ജോർജ് ഇരട്ടപ്പുളിക്കൽ, സിസ്റ്റർ ഡോളി, സിസ്റ്റർ റോസ് ദലീമ, സി. അമ്പി ലിയോൺ, അനിൽ ആൻ്റണി, ജോൺ ബ്രിട്ടോ, സന്തോഷ് കൊടിയനാട്, സാബു വി തോമസ്, ഗീത ലിയോൺ, അനിത നിക്സൺ തുടങ്ങിയവർ സംസാരിച്ചു. ഇടവകകളിൽ നിന്നും സംഘടനകളിൽ നിന്നും കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി പ്രവർത്തനം ആരംഭിക്കാനും യോഗം തീരുമാനിച്ചു.