ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഇറ്റാലിയൻ സലേഷ്യൻ മിഷണറി ബിഷപ് ഒറെസ്റ്റെ മാരെംഗോയ്ക്ക് ധന്യൻ പദവി. വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള ഡിക്കാസ്റ്ററി തലവൻ കർദിനാൾ മാർസെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബിഷപ് മാരെംഗോ ഉൾപ്പെടെ ആറ് പേരെ ധന്യരായി പ്രഖ്യാപിക്കാൻ മാർപാപ്പ അനുമതി നൽകിയത്. വിശുദ്ധപദവിയിലേക്കുള്ള യാത്രയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പടിയാണ് ‘ധന്യൻ’ പദവി പ്രഖ്യാപനം.
മേഘാലയയിലെ ഗാരോ ഹിൽസ് മേഖലയിലെ ദുർഘടമായ പാതകളിലൂടെ കാൽനടയായും ചെറിയ വാഹനങ്ങളിലും സഞ്ചരിച്ച് സാധാരണ ജനങ്ങൾക്കായി ആശുപത്രികളും സ്കുളുകളും സ്ഥാപിച്ച മിഷനറിയാണ് ബിഷപ് മാരെംഗോ. ഒരു കുടംബാംഗത്തപ്പോലെ ബിഷപ്പിനെ സ്നേഹിക്കുന്ന ഈ മലനിരകളിലെ ജനങ്ങൾ വലിയ ആവേശത്തോടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. ബിഷപ് മാരെംഗോയെ ധന്യനായി പ്രഖ്യാപിച്ച മാർപാപ്പയുടെ നടപടി ഗാരോ കുന്നുകൾക്കും വടക്കുകിഴക്കൻ മേഖലയ്ക്ക് മുഴുവനും അഭിമാന മുഹൂർത്തമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു.
1906 ഓഗസ്റ്റ് 29-ന് ഇറ്റലിയിലെ കൂണിയോ പ്രവിശ്യയിൽപെട്ട ഡിയാനോ ഡി ആൽബയിലെ ഒരു കർഷക കുടുംബത്തിലാണ് ബിഷപ് മാരെംഗോ ജനിച്ചത്. പതിമൂന്നാം വയസ്സിൽ സലേഷ്യൻ സഭയിൽ ചേർന്ന അദ്ദേഹം, 17-ാം വയസ്സിൽ മറ്റ് എട്ട് നവവൈദികാർത്ഥികളോടൊപ്പം ഇന്ത്യയിലെ വടക്കുകിഴക്കൻ മേഖലയിലെത്തി. 1932 ഏപ്രിൽ 2-ന് പൗരോഹിത്യം സ്വീകരിച്ച്, ഏഴ് പതിറ്റാണ്ടിലേറെ വടക്കുകിഴക്കൻ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സേവനമനുഷ്ഠിച്ചു. ഗോത്രവർഗക്കാരിൽ ഒരുവനായി മാറിക്കൊണ്ട് 20-ലേറെ പ്രാദേശിക ഭാഷകൾ സ്വായത്തമാക്കി. വിദേശിയാരായ മിഷനറിമാരെ ഏറെ സംശയത്തോടെ കണ്ടിരുന്ന ആ സമയത്തും നിഷ്കളങ്കമായ ദൈവികസ്നേഹത്താൽ പ്രചോദിതനായ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
1951-ൽ പുതുതായി രൂപീകരിച്ച ഡിബ്രുഗഡ് രൂപതയുടെ ആദ്യ ബിഷപ്പായി അദ്ദേഹം ചുമതലയേറ്റു. തുടർന്ന് 1964-ൽ തേജ്പൂർ രൂപത ബിഷപ്പായും പിന്നീട് തുറാ രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചു.മേഖലയിലെ വൈദികരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദികരെയും സന്യസ്തരെയും അദ്ദേഹം തന്റെ മേഖലയിലേക്ക് ക്ഷണിച്ചു വരുത്തി. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധകാലത്ത് (ബംഗ്ലാദേശ് വിമോചന യുദ്ധം) കിഴക്കൻ പാക്കിസ്ഥാനിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് അഭയാർത്ഥികൾക്ക് ആശ്വാസമെത്തിക്കാൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു.70-ാം വയസ്സിൽ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്നും വിരമിച്ചതിനു ശേഷവും ഇറ്റലിയിലേക്ക് മടങ്ങാതെ തുറയിലെ ജനങ്ങൾക്കിടയിൽ തുടർന്നു. 1998 ജൂലൈ 30-ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം മേഘാലയയിലെ തുറാ കത്തീഡ്രലിലാണ് അടക്കം ചെയ്തിരിക്കുന്നത്.
ബിഷപ് മാരെംഗോയെ കൂടാതെ ബിഷപ് ഫ്രീഡ്രിഷ് കൈസർ ഡെപ്പൽ, മാർഗരിറ്റ ബവോസി, ഫാ. ഡൊമെനിക്കോ പൊളിയാനി, ഫാ. അലസ്സാൻഡ്രോ വിറ്റെറ്റി, ഫാ. ഡാനിയേൽ ഓഫ് സാൻ ജിയോവന്നി റൊട്ടോണ്ടോ എന്നീ അഞ്ച് പേരെ കൂടെ ധന്യരായി പ്രഖ്യാപിക്കുവാൻ മാർപാപ്പ അനുമതി നൽകിയിട്ടുണ്ട്.