റോം: യുക്രൈനിലെ യുദ്ധബാധിതരായ ജനങ്ങൾക്ക് വീണ്ടും സഹായഹസ്തം നീട്ടി വത്തിക്കാൻ. റോമിലെ സെന്റ് സോഫിയ ബസിലിക്കയിൽ നിന്ന് ശീതകാല വസ്ത്രങ്ങൾ, പുതപ്പുകൾ, കിടക്കവിരികൾ, ഭക്ഷണസാധനങ്ങൾ എന്നിവ അടങ്ങിയ 600-ഓളം ബോക്സുകളുമായി നിരവധി ട്രക്കുകൾ ഇന്ന് യുക്രൈനിലേക്ക് പുറപ്പെടും. പാപ്പയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പേപ്പൽ അൽമണർ ബിഷപ് ലൂയിസ് മരിൻ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലാണ് ഈ സാധനസാമഗ്രികൾ യുക്രൈനിലെത്തിക്കുന്നത്.
വത്തിക്കാൻ ഡിപ്പാർട്ട്മെന്റ് ഫോർ ദി സർവീസ് ഓഫ് ചാരിറ്റിയും വത്തിക്കാൻ ഗവർണറേറ്റും സംയുക്തമായി ഒക്ടോബർ 22 മുതൽ 24 വരെ സംഘടിപ്പിച്ച ക്യാമ്പയിനിലൂടെയാണ് ഈ സാമഗ്രികൾ ശേഖരിച്ചത്. വത്തിക്കാനിലെ ജീവനക്കാരും വിശ്വാസികളും സമാഹരണത്തിൽ പങ്കാളികളായി. ക്രിസ്ത്യാനികളായ നമുക്ക് ചുറ്റുമുള്ളവരുടെ ദുരിതങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ആർച്ചുബിഷപ് ലൂയിസ് പറഞ്ഞു. വത്തിക്കാൻ ജീവനക്കാരുടെ ഈ ഉദാരമനസ്കത സഭയുടെ പ്രായോഗിക സ്നേഹത്തിന്റെ മനോഹരമായ സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശേഖരിച്ച സാമഗ്രികൾ കീവിലെ സംഘടനകൾ വഴി അർഹരായ ജനങ്ങളിലേക്ക് എത്തിക്കും. 27 മുതൽ 30 വരെ നീളുന്ന മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ആർച്ചുബിഷപ് യുക്രൈനിലെത്തുന്നത്. കീവ്, സപോറീഷ്യ, ഡിനിപ്രോ, ഫാസ്റ്റീവ് എന്നിവിടങ്ങളിലെ പ്രാദേശിക സമൂഹങ്ങളെ അദ്ദേഹം നേരിട്ട് സന്ദർശിക്കും. മാർപാപ്പായുടെ സ്നേഹവും കരുതലുമാണ് തങ്ങൾ അവർക്ക് മുന്നിൽ എത്തിക്കുന്നതെന്ന് വത്തിക്കാൻ സംഘം പറഞ്ഞു.