കാലം ചെയ്ത കർദ്ദിനാൾ റോമേയോയുടെ നിസ്വാർത്ഥ സേവനം അനുസ്മരിച്ച് ലിയോ പാപ്പ

സിസിലിയയിലെ അച്ചീറെയാലെയിൽ നിന്നുള്ള മെത്രാനും,  പലെർമോ അതിരൂപതയുടെ മുൻ അധ്യക്ഷനുമായിരുന്ന  കർദ്ദിനാൾ പൗളോ റോമേയോ ഒക്ടോബർ മാസം ഇരുപത്തിയഞ്ചാം തീയതി  ഞായറാഴ്ചയാണ്  മരണമടഞ്ഞത്.

കർദിനാളിന്റെ  കുടുംബത്തോടും, സുഹൃത്തുക്കളോടും, രൂപതയിലെ ദൈവജനത്തോടും പാപ്പാ തന്റെ ദുഃഖവും, അനുശോചനവും അറിയിച്ചു.  തീഷ്ണതയുള്ള വൈദികനായും, പിന്നീട്, പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തിലും, ഏറെ കർമ്മനിരതനായി സേവനം ചെയ്ത അദ്ദേഹത്തെ, പാപ്പാ പ്രത്യേകം അനുസ്മരിച്ചു.  ഹൈറ്റി, കൊളംബിയ, കാനഡ, ഇറ്റലി, റിപ്പബ്ലിക് ഓഫ് സാൻ മരിനോ എന്നിവിടങ്ങളിൽ വത്തിക്കാന്റെ പ്രതിനിധിയായി അദ്ദേഹം ശുശ്രൂഷ ചെയ്തിട്ടുണ്ട്.

"പലെർമോയുടെ ആത്മാർപ്പണമുള്ള മെത്രാപ്പോലീത്ത" എന്നാണ്  ലിയോ പതിനാലാമൻ പാപ്പാ  അദ്ദേഹത്തെ നന്ദിയോടെഅനുസ്മരിച്ചത്. 2010-ൽ  ബെനഡിക്ട് പതിനാറാമൻ പാപ്പയാണ് ആർച്ചുബിഷപ്പ്  പൗളോ റോമേയോയെ കർദ്ദിനാൾ പദവിയിലേക്കുയർത്തിയത്. 2006 മുതൽ 2015 വരെയുള്ള ഒൻപതു വർഷങ്ങൾ അദ്ദേഹം  പലെർമോ രൂപതയെ നയിച്ചു. 

കർദ്ദിനാൾ റോമേയോയുടെ മൃതസംസ്കാരം ഒക്ടോബർ ഇരുപത്തിയെട്ടാം തീയതി  ബുധനാഴ്ച രാവിലെ അച്ചീറെയാലെ  കത്തീഡ്രൽ പള്ളിയിൽ വച്ച് നടക്കും.  കർദ്ദിനാളിന്റെ ആത്മശാന്തിക്കായി പരിശുദ്ധ പിതാവ് പ്രത്യേകം പ്രാർത്ഥിക്കുകയും, അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നവർക്കായി  തന്റെ ശ്ലൈഹീക ആശീർവാദം നൽകുകയും ചെയ്തുകൊണ്ടാണ് ടെലെഗ്രാം  സന്ദേശം ഉപസംഹരിക്കുന്നത്.