സ്പെയിനിലെ ട്രെയിൻ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥനകളും ആശ്വാസവും ഉറപ്പുനൽകിയും ലിയോ പതിനാലാമൻ പാപ്പാ

സ്പെയിനിൽ 68 പേരുടെ ജീവനെടുത്ത ട്രെയിനപകടത്തിൽ, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചും തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയും ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 29 വ്യാഴാഴ്ച, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിനാണ് പരിശുദ്ധ പിതാവിന്റെ പേരിൽ, തൊളേദോ അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ സെറോ ചാവേസിന് (Archbishop Francisco Cerro Chaves) ടെലെഗ്രാം സന്ദേശമയച്ചത്. അപകടത്തിൽ പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പരിശുദ്ധ പിതാവിന്റെ പേരിൽ ആശംസിച്ചു.

അപകടത്തിൽ മരണമടഞ്ഞവരുടെ നിത്യശാന്തിക്കായി പരിശുദ്ധ പിതാവ് പ്രാർത്ഥിക്കുന്നുവെന്ന് ഉറപ്പുനൽകിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി, അപകടത്തിൽ പരിക്കേറ്റവർക്കും ഇരകളുടെ പ്രിയപ്പെട്ടവർക്കും പാപ്പായുടെ പേരിൽ സമാശ്വാസം നേർന്നു. അൻപതോളം ആളുകളാണ് അപകടത്തിൽ പരിക്കുകളേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

ഈ അപകടവുമായി ബന്ധപ്പെട്ട്, രക്ഷാപ്രവർത്തങ്ങളും ദുരിതാശ്വാസവും നടത്തുന്ന സന്നദ്ധസേവകർ ഉൾപ്പെടെയുള്ള ഏവരും തങ്ങളുടെ പ്രവർത്തനം തുടർന്നും മുന്നോട്ടുകൊണ്ടുപോകാൻ ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, ഏവർക്കും തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുകയും, അപ്പസ്തോലിക ആശീർവാദം നേരുകയും ചെയ്‌തു.

ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 8.54-നാണ് തൊളേദോ (Toledo) പ്രവിശ്യയിലെ ഉർദ (Urda) പട്ടണത്തിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചത്. ഈ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞ ദിവസം സ്പെയിൻ സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ഈ വർഷം സ്പെയിനിൽ സംഭവിക്കുന്ന രണ്ടാമത്തെ അതിവേഗ റെയിൽ ദുരന്തമാണിത്.