സ്വിസ് ഗാർഡ് 500-ാം വാർഷിക നിറവിൽ; വത്തിക്കാന്റെ കാവൽക്കാരായ ലോകത്തിലെ ഏറ്റവും ചെറിയ സൈന്യം

കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ നിർണായകമായ റോം ആക്രമണം (സാക്കോ ഡി റോമ) നടന്നതിന്റെ 500-ാം വാർഷികം 2027-ൽ ആചരിക്കാൻ പോന്തിഫിക്കൽ സ്വിസ് ഗാർഡ്. “വിശ്വസ്തത, വിശ്വാസ്യത, പ്രൊഫഷണലിസം, ഐക്യദാർഢ്യം” എന്നതാണ് 2027-ൽ റോം ആക്രമണത്തിന്റെ 500-ാം വാർഷികത്തെ അനുസ്മരിക്കാൻ തിരഞ്ഞെടുത്ത പ്രമേയം.

1506 ജനുവരി 22-നാണ് 150 അംഗങ്ങളടങ്ങുന്ന ആദ്യ സ്വിസ് സൈനിക സംഘം മാർപ്പാപ്പയുടെ സുരക്ഷയ്ക്കായി വത്തിക്കാനിൽ പ്രവേശിച്ചത്. സൈനിക സേവനത്തിലെ കൃത്യമായ അച്ചടക്കം, മികച്ച പോരാട്ട വീര്യം, കത്തോലിക്കാ സഭയോടുള്ള വിശ്വസ്തത എന്നിവ മുൻനിർത്തിയാണ് സ്വിറ്റ്സർലൻഡിൽ നിന്നുള്ള സൈനികരെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്.

1527 മേയ് 6-നാണ് റോം ആക്രമിക്കപ്പെട്ടത്. അന്നത്തെ ക്ലെമന്റ് ഏഴാമൻ മാർപ്പാപ്പയെ സുരക്ഷിതനാക്കാൻ സ്വിസ് ഗാർഡുകൾ വീരോചിതമായി പോരാടി. ആക്രമണത്തിൽ 147 ഗാർഡുകൾക്ക് ജീവൻ നഷ്ടമായപ്പോൾ, ബാക്കിയുള്ള 42 പേർ മാർപ്പാപ്പയെ സുരക്ഷിതമായി ‘കാസ്റ്റെൽ സാന്റ് ആഞ്ചലോ’ കോട്ടയിലെത്തിച്ചു. ചരിത്രത്തെ നിർണ്ണയിച്ച ഏറ്റവും പ്രധാന സംഭവങ്ങളിലൊന്നാണ് 1527-ലെ സാക്കോ ഡി റോമ (റോം ആക്രമണം).
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തങ്ങളുടെ പാരമ്പര്യവും വേഷവിധാനവും മൂല്യങ്ങളും നിലനിർത്തിക്കൊണ്ടുതന്നെയാണ് സ്വിസ് ഗാർഡ് ഇന്നും വത്തിക്കാനിലെയും മാർപ്പാപ്പയുടെയും സുരക്ഷ ചുമതലകൾ നിറവേറ്റുന്നത്.

തങ്ങളുടെ മുൻഗാമികളുടെ ആത്മസമർപ്പണവും വിശ്വസ്തതയും അനുസ്മരിക്കുന്നതിനൊപ്പം, അന്നത്തെ അതേ മൂല്യങ്ങൾ ഇന്നും മാർപ്പാപ്പയ്ക്കുള്ള സേവനത്തിൽ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കാനാണ് സ്വിസ് സൈനിക സംഘം ഈ വാർഷികത്തിലൂടെ ലക്ഷ്യമിടുന്നത്. ചരിത്രകാരന്മാർ പങ്കെടുക്കുന്ന സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും. അന്നത്തെ രാഷ്ട്രീയ, സൈനിക, മതപരമായ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥവും പുറത്തിറക്കും.

വാർഷികാചരണത്തിന്റെ പ്രധാന ആഘോഷങ്ങൾ വത്തിക്കാനിൽ നടക്കും. സൂറിച്ചിലെ വസന്തോത്സവമായ ‘സെക്സെലൗട്ടെനിൽ’ സ്വിസ് ഗാർഡ് പങ്കാളികളാകും. 1527-ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട അന്നത്തെ കമാൻഡർ കാസ്പർ റോയിസ്റ്റ് സൂറിച്ച് സ്വദേശിയായിരുന്നു. കൊല്ലപ്പെട്ട ഗാർഡുകൾക്കായി പുതിയ സ്മാരക ഫലകം അനാച്ഛാദനം ചെയ്യും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ദിവ്യബലിയും വത്തിക്കാൻ സ്ക്വയറിൽ പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞയും സ്വിസ് കലാകാരൻ ഗെറി ഹോഫ്സ്റ്റെറ്ററുടെ ലൈറ്റ്-ആർട്ട് പ്രൊജക്ഷനും ഉണ്ടാകും.

മുൻ സ്വിസ് ഗാർഡ് അംഗങ്ങളുടെ ദേശീയ തീർത്ഥാടനവും സ്വിസ് ഗാർഡിനെക്കുറിച്ചുള്ള പുതിയ സിനിമയുടെ വേൾഡ് പ്രീമിയറും നടക്കും. സ്വിസ് ഗാർഡിന്റെ ദൗത്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താനും കൂടുതൽ സ്വിസ് യുവാക്കളെ സേവനത്തിലേക്ക് ആകർഷിക്കാനും ഈ വാർഷികാചരണം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.