കഴുവന്‍തട്ട ദേവാലയത്തില്‍ വി. മാര്‍ട്ടിന്‍ ഡി പോറസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്നു

തിരുവനന്തപുരം: കഴുവന്‍തട്ട വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ് ദേവാലയത്തില്‍ റോമില്‍നിന്ന് കൊണ്ടുവന്ന വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ തിരുശേഷിപ്പ് നവംബര്‍ ഒന്നിന് പ്രതിഷ്ഠിക്കും. വൈകുന്നേരം 4.30ന് ജപമാലയെ തുടര്‍ന്ന് 5.45ന് ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം തിരുശേഷിപ്പ് സ്വീകരിക്കും. തക്കല രൂപതയില്‍ വി. മാര്‍ട്ടിന്‍ ഡി പോറസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുന്ന പ്രഥമ ഇടവക ദേവാലയമാണ് കഴുവന്‍തട്ട.

തിരുശേഷിപ്പ് പ്രതിഷ്ഠയെ തുടര്‍ന്ന് വി. മാര്‍ട്ടിന്‍ ഡി പോറസിന്റെ നൊവേനയും വിശുദ്ധ കുര്‍ബാ നയും നടക്കും. മാര്‍ ജോസഫ് പെരുന്തോട്ടം തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തക്കല രൂപത വികാരി ജനറല്‍ മോണ്‍. ജോസ് മുട്ടത്തുപാടം, ഫാ. തോമസ് സത്യനേസന്‍, ഫാ. ജസ്റ്റിന്‍ ചെറുവേലി, ഫാ. തോമസ് ഷൗര്യാം കുഴിയില്‍, ഫാ. ജോസഫ് വെട്ടുകല്ലല്‍, ഫാ. ജോണ്‍ പോള്‍ എന്നിവര്‍ സഹകാര്‍മ്മികരാകും.

ഇടവക തിരുനാളിനോടനുബന്ധിച്ചാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രതിഷ്ഠ നടക്കുന്നത്. തിരുനാള്‍ നവംബര്‍ 8ന് സമാപിക്കും.

തിരുനാളിനോട് അനുബന്ധിച്ചു കുഴിത്തുറ രൂപതയിലെ ഫാ. അരുള്‍ നയിക്കുന്ന ത്രിദിന ബൈബിള്‍ കണ്‍വന്‍ഷന്‍ നടന്നുവരുകയാണ്.

തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ച് നവംബര്‍ എട്ടിന് വിശുദ്ധന്റെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള ഇടവക പ്രദക്ഷിണം നടക്കും. ഇടവക വികാരി ഫാ. ജോമി കമുകുംമറ്റത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.