നാളെ നവംബർ ഒന്ന്. ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം ആരംഭിക്കുന്ന സുദിനം. ഈ ലോകത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ സത്കൃത്യങ്ങളില്‍ ഒന്നാണ് മരണമൂലം വേര്‍പിരിഞ്ഞ ആത്മാക്കളെ സമര്‍പ്പിച്ച് വി. കുര്‍ബ്ബാന, ദാനധര്‍മ്മം, പ്രാര്‍ത്ഥന മുതലായവ ചെയ്യുന്നതും ചെയ്യിക്കുന്നതും. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ത്ഥന, വി. കുര്‍ബാന, ദാനധര്‍മ്മം തുടങ്ങിയവ മരിച്ചവര്‍ക്ക് സഹായവും ആശ്വാസവുമുണ്ടാകുന്നുവെന്ന് നിരവധി വിശുദ്ധരും സഭാപിതാക്കന്മാരും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ആദ്യ നൂറ്റാണ്ടുകള്‍ മുതല്ക്കു തന്നെ ക്രിസ്ത്യാനികൾ മരിച്ചവരുടെ ഓര്‍മ്മ ആചരിച്ചു പോന്നിരുന്നു. മരിച്ചവര്‍ അവരുടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ വേണ്ടി ഭൂമിയില്‍ ജീവിച്ചിരിക്കുന്നവര്‍ പ്രാര്‍ത്ഥനയും പരിഹാരബലിയും അര്‍പ്പിച്ചതായി ബൈബിളിൽ (2 മക്ക 12) വ്യക്തമാക്കുന്നു. അതിനാല്‍ നാമും മരിച്ചവരുടെമേല്‍ അലിവായി അവരുടെ പീഢകള്‍ കുറയ്ക്കുന്നതിന് നമ്മാല്‍ കഴിയുംവണ്ണം ശ്രമിക്കേണ്ടതാകുന്നു.
ഭക്തരായ ക്രിസ്ത്യാനികള്‍ തങ്ങളുടെ ബന്ധുജനങ്ങളുടെ ആത്മാക്കളെ എപ്പോഴും ഓര്‍ക്കുകയും അവർക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ദാനങ്ങളും മറ്റു പുണ്യങ്ങളും അനുഷ്ഠിക്കുകയും ചെയ്തുവരുന്നു. മെയ്മാസം മാതാവിനും, മാര്‍ച്ചുമാസം യൗസേപ്പിതാവിനും, ജൂണ്‍മാസം ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച് ഈ മാസങ്ങളില്‍ വിശേഷ വണക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതുപോലെ നവംബര്‍ മാസം ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച് ആ മാസത്തിലെ മുപ്പതു ദിവസങ്ങളിലും അവര്‍ക്കായി ജപങ്ങളും സല്‍ക്രിയകളും നടത്തുന്നത് തിരുസഭയില്‍ നടപ്പിലുള്ളതാണ്.