കുടുംബസ്വത്ത് ദേവാലയ നിർമാണത്തിന് നൽകി ലിയോ 14-ാമൻ പാപ്പ: വെളിപ്പെടുത്തലുമായി പാപ്പയുടെ ജീവചരിത്രം

വത്തിക്കാൻ സിറ്റി: 1997-ൽ പിതാവിന്റെ വേർപാടിന് ശേഷം തനിക്ക് ലഭിച്ച കുടുംബസ്വത്ത്, പെറുവിലെ ഒരു കത്തോലിക്കാ ദേവാലയത്തിന്റെ നിർമ്മാണത്തിനായി ലിയോ 14-ാമൻ പാപ്പ സംഭാവന നൽകിയെന്ന വെളിപ്പെടുത്തലുമായി പാപ്പയുടെ പുതിയ ജീവചരിത്രം. എൻ.പി.ആർ മാധ്യമപ്രവർത്തകരായ ഡാനിയൽ ബർക്ക് , സ്കോട്ട് ഡിട്രോ എന്നിവർ ചേർന്ന് രചിച്ച് ഒക്ടോബർ ആദ്യവാരം പുറത്തിറങ്ങിയ American Pope: Leo XIV’s Road from the South Side of Chicago to Vatican City എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.

1997 നവംബറിലാണ് പാപ്പയുടെ പിതാവ് ലൂയിസ് പ്രെവോസ്റ്റ് അന്തരിച്ചത്. അന്ന് അഗസ്റ്റീനിയൻ മിഷനറിയായിരുന്ന ഫാ.റോബർട്ട് പ്രെവോസ്റ്റ് , പിതാവിന്റെ സ്വത്തിൽ നിന്ന് തനിക്ക് ലഭിച്ച വിഹിതം പെറുവിലെ ട്രൂജില്ലോയിലുള്ള സാന്താ മരിയ പ്രദേശത്ത് ഒരു ദേവാലയത്തിന്റെ അടിത്തറ പണിയുന്നതിനായി നൽകുകയായിരുന്നു.

പ്രദേശത്തെ സ്ത്രീകൾ സഹായം അഭ്യർത്ഥിച്ച് അഗസ്റ്റീനിയൻ വൈദികരെ സമീപിച്ചതോടെയാണ് ഈ പദ്ധതിക്ക് തുടക്കമായത്. പള്ളി പണിയാൻ പ്രദേശവാസികളുടെ കൈവശം സ്ഥലമുണ്ടായിരുന്നെങ്കിലും അത് നിർമിക്കാനുള്ള സാമ്പത്തിക ശേഷി അവർക്കുണ്ടായിരുന്നില്ല. അതുവരെ ഇലകളും വടികളും കൊണ്ട് നിർമ്മിച്ച താത്കാലിക കെട്ടിടങ്ങളിലായിരുന്നു ഇടവകാംഗങ്ങൾ പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നിരുന്നത്.

കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്നതിന് മുമ്പ് പാപ്പ പെറുവിലെ സാധാരണക്കാരായ ജനങ്ങൾക്കിടയിൽ നടത്തിയ സേവനങ്ങളുടെയും അദ്ദേഹത്തിന്റെ ലളിതജീവിതത്തിന്റെയും സാക്ഷ്യപത്രം കൂടെയാണ് ഈ സംഭവം.