നാല്പത്തിയൊന്നാം ആഗോള യുവജന ദിനത്തിലേക്കുള്ള പാപ്പായുടെ സന്ദേശം പ്രസിദ്ധീകരിച്ചു

'പ്രിയ യുവാക്കളെ' എന്നു പിതാവിനടുത്ത വാത്സല്യത്തോടെ സംബോധന ചെയ്തുകൊണ്ടാണ്, നാല്പത്തിയൊന്നാം ആഗോള യുവജന ദിനത്തിനായി ലിയോ പതിനാലാമൻ പാപ്പായുടെ സന്ദേശം ആരംഭിക്കുന്നത്. ദൈവം യുവജനങ്ങളെ അറിയുകയും, സ്നേഹിക്കുകയും, ജീവിതയാത്രയിൽ അവരെ അനുഗമിക്കുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ, വ്യത്യസ്തതകൾക്കിടയിലും  സ്വാതന്ത്ര്യവും സത്യവും തേടുവാനുള്ള അഭിലാഷം അവരെ ഒന്നിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

നവംബർ 22 ന് പ്രാദേശിക സഭകളിൽ നടക്കുന്ന യുവജന ദിനത്തിനും,  2027 ഓഗസ്റ്റിൽ  ദക്ഷിണ കൊറിയയിലെ സെയൂളിൽ വച്ച് നടക്കുന്ന ആഗോള യുവജനസംഗമത്തിനും തയ്യാറെടുക്കുമ്പോൾ, "ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു" എന്ന യേശുവിന്റെ വചനം ഓർമ്മിക്കണമെന്നു പാപ്പാ അടിവരയിട്ടു. ഈ ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നതെന്നും പാപ്പാ,  സന്ദേശത്തിൽ തുടർന്ന് സംസാരിക്കുന്നു. ചിലപ്പോൾ, ആദ്യകാല ശിഷ്യന്മാരിലെന്നപോലെ, ധൈര്യത്തിന് പകരം അനിശ്ചിതത്വമോ ഭയമോ ഇന്നും നിലനിൽക്കുന്നുവെന്നും, ഭാവിയെക്കുറിച്ചുള്ള ഭയവും, സമ്മർദ്ദങ്ങളും, സമൂഹ മാധ്യമങ്ങളുടെ  സ്വാധീനവും ജീവിതത്തെ ഭാരപ്പെടുത്തുമ്പോൾ,  ആത്മാർത്ഥമായ വാത്സല്യം ഏറെ ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു. അത്തരം സാഹചര്യങ്ങളിൽ, ധൈര്യത്തിനുള്ള ഒരു ക്ഷണം സുവിശേഷത്തിൽ പ്രതിധ്വനിക്കുന്നുവെന്നും, അത് തിരമാലകൾക്കും, കാറ്റിനും ഇടയിൽ ഭയന്നുവിറച്ച ശിഷ്യന്മാരോട് പറഞ്ഞ അതെ വാക്കുകളാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. "ഇത് ഞാനാണ്, ഭയപ്പെടേണ്ടാ!" (യോഹന്നാൻ 6:20), ഈ ഉറപ്പാണ് യുവജനങ്ങൾക്ക് താനും നൽകുവാൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ പറഞ്ഞു. അതിനാൽ ക്രിസ്തീയമായ ധൈര്യം ക്രിസ്തുവിൽ നിന്നുമാണ് ജനിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

എല്ലാം സ്വന്തമായി ചെയ്യാനും സ്വയം മെച്ചപ്പെടുത്താനും ശക്തമായ വ്യക്തിത്വവും സ്വഭാവവും കെട്ടിപ്പടുക്കാനും ഈ ലോകം നമ്മോട് ആവശ്യപ്പെടുമ്പോൾ, അതിൽ നിന്നും വ്യത്യസ്തമായി,  സുവിശേഷം നമുക്ക് വളർച്ചയുടെ മറ്റൊരു പാത അവതരിപ്പിക്കുന്നുവെന്നും, അത്, നമ്മെത്തന്നെ രക്ഷിക്കാനല്ല, മറിച്ച് യേശുക്രിസ്തുവിനാൽ രക്ഷിക്കപ്പെടാൻ സ്വയം സമർപ്പിക്കുക  എന്നതാണെന്നും സന്ദേശം അടിവരയിടുന്നു.   അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഭയം നിറഞ്ഞ മനസോടെ കഴിഞ്ഞിരുന്ന ശിഷ്യരുടെ അടുത്തേക്ക് ഉത്ഥിതനായ ക്രിസ്തു, "നിങ്ങൾക്കു സമാധാനം!" (യോഹന്നാൻ 20:19) എന്ന വാക്കുകളിലൂടെ നൽകുന്നത് താരതമ്യപ്പെടുത്തുവാനാവാത്ത ധൈര്യമായിരുന്നുവെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. തന്നെ ഉപേക്ഷിച്ചവനും, തള്ളിപ്പറഞ്ഞവനും, ഈ സമാധാനം യേശു നൽകുന്നുവെന്നും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു.

അതിനാൽ യേശുവിലേക്ക് തങ്ങളുടെ ഹൃദയങ്ങൾ തുറക്കുവാൻ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.  അപ്രകാരം, എല്ലാ അതിരുകളും മറികടന്ന് സുവിശേഷം എല്ലാവരോടുമായി സംവദിക്കുന്നത്, അനുഭവിക്കുവാൻ ഏവർക്കും സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേർത്തു. യേശുവിന്റെ സ്നേഹത്താൽ യുവജനങ്ങൾ ഐക്യപ്പെടുകയും രൂപാന്തരപ്പെടുകയും ചെയ്യട്ടെയെന്നുള്ള ആശംസയും പാപ്പാ സന്ദേശത്തിൽ നൽകി.