യുഎസിലെ ഫിലിപ്പിനോ വൈദികരുടെ സമ്മേളനം സാൻ ഫ്രാൻസിസ്കോയിൽ ആരംഭിച്ചു

സാൻ ഫ്രാൻസിസ്കോ: യുഎസിലുടനീളം സേവനമനുഷ്ഠിക്കുന്ന ഫിലിപ്പിനോ കത്തോലിക്കാ വൈദികരുടെ കൂട്ടായ്മയായ ‘നാഷണൽ അസോസിയേഷൻ ഓഫ് ഫിലിപ്പിനോ പ്രീസ്റ്റി’-ന്റെ (NAFP) അഞ്ചാമത് ദേശീയ സമ്മേളനം സാൻഫ്രാൻസിസ്കോയിൽ ആരംഭിച്ചു. നവംബർ 6 വരെയാണ് സമ്മേളനം. കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ എയർപോർട്ട് ഹയാത്ത് റീജൻസി ഹോട്ടലിലാണ് നാലു നാൾ നീണ്ടുനിൽക്കുന്ന ഈ ഒത്തുചേരൽ നടക്കുന്നത്.

“പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; പ്രാര്‍ഥനയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍” (റോമ 12:12) എന്ന തിരുവചനമാണ് അഞ്ചാമത് അസംബ്ലിയുടെ പ്രമേയം. വാഷിംഗ്ടൺ ആർച്ചുബിഷപ് കർദിനാൾ റോബർട്ട് വാൾട്ടർ മക്എൽറോയ്, ഡൊമിനിക്കൻ സഭയുടെ (Order of Preachers) മാസ്റ്റർ ജനറൽ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ പാർക്കോ തിമോണർ III, O.P. എന്നിവരാണ് മുഖ്യ പ്രഭാഷകർ. ആത്മീയ പിതൃത്വം, വചനപ്രഘോഷണം, , ഡിജിറ്റൽ – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യുഗത്തിലെ സുവിശേഷവല്ക്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രത്യേക ചർച്ചകളും പഠനസെഷനുകളും പരിപാടിയുടെ ഭാ​ഗമായി നടക്കും. വചനപരിചിന്തനങ്ങൾ, വിശുദ്ധ കുർബാന, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ വിവിധ രൂപതകളിൽ സേവനം ചെയ്യുന്ന ഫിലിപ്പിനോ വൈദികർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. യുഎസിലെ ഫിലിപ്പിനോ കത്തോലിക്കാ വൈദികർക്കിടയിൽ ഐക്യവും പരസ്പര പിന്തുണയും വളർത്തുന്നതിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് NAFP.