സമ്പത്തിന്റെ ശരിയായ വിനിയോഗവും, അതിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധവും മനസ്സിലാക്കാൻ വേണ്ട കൃപയ്ക്കായി പ്രാർത്ഥിക്കാൻ ഏവരെയും ഉദ്ബോധിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. മുൻ മാസങ്ങളിലെ പതിവുപോലെ പദ്യരൂപത്തിലുള്ള ഒരു പ്രാർത്ഥനയാണ് ഇത്തവണയും പരിശുദ്ധ പിതാവ് നവംബർ മാസത്തേക്കുള്ള പ്രാർത്ഥനാനിയോഗമായി നവംബർ 3 ചൊവ്വാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ അവതരിപ്പിക്കുന്നത്.
യഥാർഥ സമ്പത്ത് സ്വത്തുക്കൾ കുമിഞ്ഞുകൂട്ടുന്നതിലല്ല, മറിച്ച് സ്നേഹത്തോടെ പങ്കുവയ്ക്കുന്നതിലാണെന്ന് ഓർമിപ്പിക്കുന്ന പരിശുദ്ധ പിതാവ്, പണം, സമയം, കഴിവുകൾ, അവസരങ്ങൾ എന്നിവയെല്ലാം സാഹോദര്യത്തിന്റെയും സേവനത്തിന്റെയും ഉപകരണങ്ങളായി വിനിയോഗിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. ഫലഭൂയിഷ്ഠമായ ഭൂമിയും നമുക്ക് ലഭിച്ച കഴിവുകളും മുൻതലമുറകളുടെ അധ്വാനവുമെല്ലാം ദൈവത്തിന്റെ ദാനവും സമ്മാനവുമാണെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, അവ പങ്കുവയ്ക്കപ്പെടാനുള്ളവയാണെന്ന് ഉദ്ബോധിപ്പിക്കുന്നുണ്ട്. സമ്പത്തിനോടുള്ള സ്വാർത്ഥമായ സമീപനം ഉപേക്ഷിച്ച് ദരിദ്രരെയും സമൂഹത്തിലെ ദുർബലരെയും ചേർത്തുപിടിക്കാനും, പങ്കുവയ്ക്കലിലൂടെ നീതിയുടെയും സമാധാനത്തിന്റെയും സമൂഹം കെട്ടിപ്പടുക്കാനും പാപ്പാ വിശ്വാസികളെ ആഹ്വാനം ചെയ്തു.