മദ്ധ്യപൂർവ്വദേശങ്ങളിലേതുൾപ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും അനുസ്മരിച്ചും, സമാധാനസ്ഥാപനത്തിൽ അവർക്കുള്ള സുപ്രധാന പങ്ക് അനുസ്മരിച്ചും ലിയോ പതിനാലാമൻ പാപ്പാ. പൗരസ്ത്യസഭാംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, സമാധാനസ്ഥാപനം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ദ്വിദിനസമ്മേളനത്തിൽ സംബന്ധിച്ച ഊവ്ര് ദ് ഓറിയാ (L’Œuvre d’Orient), ഇൻസ്റ്റിട്യൂട്ട് ക്രെത്യേൻ ദ് ഓറിയാ (Institut Chrétiens d’Orient) എന്നീ പ്രസ്ഥാനങ്ങളുടെ പ്രതിനിധി സംഘത്തിന് നവംബർ 4 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച സ്വകാര്യ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.
പൗരസ്ത്യസഭകൾക്കായി ഈ സംഘടനകൾ ചെയ്യുന്ന സേവനങ്ങളും പിന്തുണയും എടുത്തുപറഞ്ഞ പരിശുദ്ധ പിതാവ്, ലോകത്ത് നടന്നുവരുന്ന സായുധ സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും കൂടി പശ്ചാത്തലത്തിൽ അവിടങ്ങളിലുള്ള ക്രൈസ്തവരുൾപ്പെടെയുള്ള ആളുകൾ നേരിടുന്ന പ്രതിസന്ധികൾ പ്രത്യേകം പരാമർശിച്ചു. മധ്യപൗരസ്ത്യ ദേശത്തും കിഴക്കൻ യൂറോപ്പിലും സമാധാനം കൈവരിക്കാൻ വിശ്വാസവും യുക്തിയും സംസ്കാരവും ചരിത്രവും തമ്മിലുള്ള സംവാദം അനിവാര്യമാണെന്നും, ഇക്കാര്യത്തിൽ അവിടെയുള്ള പൗരസ്ത്യസഭകളിലെ ക്രൈസ്തവർക്ക് പ്രത്യേകമായ സ്ഥാനം വഹിക്കാനാകുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
എളിമയുള്ള ഹൃദയത്തോടെ സമാധാനനിർമാണത്തിൽ പങ്കാളികളാകാനും ചിന്തകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പ്രത്യാശയുടെ വിതയ്ക്കുന്നവരാകാനും ഏവരെയും ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, ആയുധരഹിതവും നിരായുധീകരിക്കുന്നതും നീണ്ടുനിൽക്കുന്നതുമായ ഒരു സമാധാനമാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് ഉദ്ബോധിപ്പിച്ചു.
ലത്തീൻ സഭ നവംബർ രണ്ടാം തീയതി, സകല മരിച്ച വിശ്വാസികളുടെയും ഓർമ്മയാചരണം നടത്തിയത് അനുസ്മരിച്ച പരിശുദ്ധ പിതാവ്, മദ്ധ്യപൂർവ്വദേശങ്ങളിലുൾപ്പെടെയുള്ള സായുധസംഘർഷങ്ങളുടെ ഇരകളായിത്തീർന്ന് മരിച്ചവർക്കായി പ്രാർത്ഥിക്കാൻ കൂടി ഈ ആചരണം അവസരമേകിയെന്ന് പ്രസ്താവിച്ചു.