അമേരിക്കയുടെ ഭൂപടം മുതല്‍ കായിക മേഖല വരെ നിറഞ്ഞു നിൽക്കുന്നത് വിശുദ്ധർ; യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ ചർച്ചയാകുന്നു

വാഷിംഗ്ടൺ ഡി സി : അമേരിക്കയുടെ ഭൂപടം മുതല്‍ കായിക മേഖല വരെ നിറഞ്ഞു നിൽക്കുന്ന വിശുദ്ധരുടെ സ്വാധീനം ഓർമിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ‌‌‌ ട്രംപ്. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ നൂറ്റാണ്ടുകളിലൂടെ ലോകത്തിന് മാതൃകയായ വിശുദ്ധരുടെ ജീവിതം ഓരോ മനുഷ്യനും ആഗ്രഹിക്കേണ്ട അസാധാരണമായ നന്മയെയും സ്നേഹത്തെയുമാണ് വെളിപ്പെടുത്തുന്നതെന്ന് പ്രസിഡന്റ് ട്രംപ് കുറിച്ചു.

സാൻഫ്രാൻസിസ്കോ (അസീസിയിലെ വി. ഫ്രാൻസീസ്), സാൻ അന്റോണിയോ (പാദുവായിലെ വി. അന്തോണീസ്), സെന്റ് ലൂയിസ് ( ഫ്രഞ്ച് രാജാവ് വി. ലൂയിസ് ), സെന്റ് പോൾ (വിശുദ്ധ പൗലോസ് അപ്പൊസ്തോലൻ) തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങൾ വിശുദ്ധരുടെ നാമങ്ങളിലാണ് അറിയപ്പെടുന്നത്. കൂടാതെ കാലിഫോർണിയയിലെ സാന്റാ മോണിക്ക മുതൽ ഫ്ലോറിഡയിലെ സെന്റ് അഗസ്റ്റിൻ വരെയുള്ള നിരവധി സ്ഥലങ്ങളിലും റോഡ് അടയാളങ്ങളിലും വിശുദ്ധരുടെ നാമങ്ങൾ നമ്മെ അഭിവാദ്യം ചെയ്യുന്നുതായി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.

“നമ്മുടെ രാജ്യം ഭൗതിക വിജയത്തിനപ്പുറം മറ്റെന്തോ ആവശ്യപ്പെടുന്നുണ്ടെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ പേരുകൾ. ഒരു മഹത്തായ സംസ്കാരത്തിന് ഭൗതികനേട്ടം മാത്രം പോരാ, മറിച്ച് നന്മയുടെ മാതൃകകൾ വേണം. കരുത്തിലും നേട്ടങ്ങളിലും മാത്രമല്ല; കരുണ, ത്യാഗം, എളിമ, സ്നേഹം എന്നിവയിലും മാതൃകയാകുന്ന വീരനായകരെ നമുക്ക് ആവശ്യമുണ്ട്,” ട്രംപ് കുറിച്ചു.

കുട്ടികളുടെ ചികിത്സാ രംഗത്ത് മുന്നിൽ നിൽക്കുന്ന ‘സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റൽ’, പ്രമുഖ സർവ്വകലാശാലകൾ, മാർച്ച് മാസത്തിൽ ആഘോഷിക്കുന്ന ‘സെന്റ് പാട്രിക്സ് ഡേ’, പ്രൊഫഷണൽ ഫുട്ബോൾ ടീമായ ‘ന്യൂ ഓർലിയൻസ് സെയിന്റ്സ്’ എന്നിവയിലെല്ലാം ഈ ചരിത്രപരമായ സ്വാധീനം വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശുദ്ധ ജൂനിപെറോ സെറ,വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ, വിശുദ്ധ കാതറിൻ ഡ്രെക്സൽ, വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രിനി, എന്നിങ്ങനെ അമേരിക്കൻ ചരിത്രത്തെയും വിദ്യാഭ്യാസ-സേവന മേഖലകളെയും സ്വാധീനിച്ച വിശുദ്ധരെ ട്രംപ് പ്രത്യേകമായി സ്മരിച്ചു.
ഇവർക്കൊപ്പം ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെടാതെ പോയ നിരവധി സാധാരണക്കാരായ മനുഷ്യരും തങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെ വിശുദ്ധി പ്രകടിപ്പിച്ചവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“മരണം ഒന്നിന്റെയും അവസാന വാക്കല്ല എന്ന സത്യമാണ് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നത്… വിശുദ്ധർ ആ വാഗ്ദാനത്തിന്റെ സാക്ഷികളാണ്. ഭൂതകാലത്തിലെ നായകന്മാരായി മാത്രമല്ല, ഓരോ മനുഷ്യജീവിതത്തിനും നിത്യതയിലേക്ക് നീളുന്ന പ്രത്യാശയുടെ അടയാളങ്ങളാണ് വിശുദ്ധര്‍. ” ട്രംപ് കുറിച്ചു.