എത്യോപ്യയിലെ ക്രൈസ്തവ കൂട്ടക്കൊലകളില്‍ കർശന നിയമ നടപടി വേണം: കത്തോലിക്ക മെത്രാന്‍ സമിതി

അഡിസ് അബാബ: എത്യോപ്യയിൽ ക്രൈസ്തവ കൂട്ടകൊലകളിലും ക്രൈസ്തവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നതിലും പ്രതിഷേധം അറിയിച്ച് എത്യോപ്യൻ കാത്തലിക് ബിഷപ്സ് കോൺഫറൻസ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാനും സർക്കാർ അടിയന്തരമായി കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് രാജ്യത്തെ മെത്രാൻ സമിതി ആഹ്വാനം ചെയ്തു. നവംബർ 2 തിങ്കളാഴ്ച പുറത്തിറക്കിയ സന്ദേശത്തിലാണ് മെത്രാന്മാർ രാജ്യത്തെ നിലവിലെ അരക്ഷിതാവസ്ഥയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. 

ഒക്ടോബർ മാസത്തിൽ തെക്കുകിഴക്കൻ ഒറോമിയ മേഖലയിലെ ആർസി സോണിൽ ഉൾപ്പെടുന്ന മെർട്ടി, ഷിർക്ക എന്നീ പ്രദേശങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ കൊല്ലപ്പെട്ടിരിന്നു. ഇവരുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. എത്യോപ്യൻ ഓർത്തഡോക്സ് സഭയിൽ നിന്നും ഇന്റർ-റിലീജിയസ് കൗൺസിലിൽ (IRC) നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അതീവ ദുഃഖത്തോടും ഉത്കണ്ഠയോടും കൂടിയാണ് ഈ സംഭവങ്ങളെ നോക്കിക്കാണുന്നതെന്ന് മെത്രാൻ സമിതി വ്യക്തമാക്കി.

പുതിയ സംഘർഷങ്ങളില്‍ നിരപരാധികളായ മനുഷ്യർ കൊല്ലപ്പെടുന്നതിലും ബിഷപ്പുമാർ കടുത്ത ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം അക്രമങ്ങൾ ആവർത്തിക്കപ്പെടുന്നതിനെ "മനുഷ്യത്വരഹിതമായ പ്രവൃത്തികൾ" എന്ന് വിശേഷിപ്പിച്ച മെത്രാൻ സമിതി പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും കൂടുതൽ അക്രമങ്ങൾ തടയാനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സഹോദരീസഹോദരന്മാരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാൻ വിശ്വാസിസമൂഹത്തോട് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ആഹ്വാനം ചെയ്തു. 

ദുരന്തത്തിന് ഇരയായ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്കും എത്യോപ്യൻ ജനതയ്ക്കും ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനുശോചനം അറിയിക്കുകയും അവർക്ക് ദൈവീക ആശ്വാസം ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നതായി മെത്രാന്‍ സമിതി പ്രസ്താവിച്ചു. ഒക്ടോബർ 24-ന് നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി എത്യോപയില്‍ അറുപതിലധികം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.