ടെക്സസിൽ ഫാമിലി കൺവെൻഷൻ

വെബ്‌സ്റ്റർ (ടെക്സസ്): കത്തോലിക്കാ കൂട്ടായ്മയായ ‘ഫുൾനെസ് ഓഫ് ട്രൂത്ത് ‘ സംഘടിപ്പിക്കുന്ന വാർഷിക ഫാമിലി കൺവെൻഷൻ “ബിൽഡിംഗ് യുവർ ഹോളി ഫാമിലി: ദി കാത്തലിക്ക് ബ്ലൂപ്രിന്റ്” (Building Your Holy Family: The Catholic Blueprint) നവംബർ 13, 14 തീയതികളിൽ ടെക്സസിലെ വെബ്‌സ്റ്ററിലുള്ള Great Wolf Lodge റിസോർട്ടിൽ നടക്കും.

“ലോകരക്ഷകന്റെ നസ്രത്തിലെ ഭവനം ക്രൈസ്തവ കുടുംബങ്ങൾക്ക് സുവിശേഷത്തിന്റെ പാഠശാലയാണ് ” എന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഓർമപ്പെടുത്തലാണ് ഈ സമ്മേളനത്തിന്റെ ആധാരം. ആധുനിക സംസ്‌കാരവും ആത്മീയ വെല്ലുവിളികളും കുടുംബജീവിതത്തിന് ഭീഷണി ഉയർത്തുന്ന കാലഘട്ടത്തിൽ, നസ്രത്തിലെ വിശുദ്ധ കുടുംബത്തിന്റെ മാതൃക ഉൾക്കൊണ്ട് ഭവനങ്ങളെ ‘ചെറിയ നസ്രത്തുകളാക്കി’ മാറ്റാനും, കുട്ടികളെ വിശുദ്ധിയിൽ വളർത്താനുമുള്ള പ്രായോഗിക മാർ​ഗനിർദേശങ്ങൾ നൽകുകയാണ് ഈ രണ്ടുദിവസത്തെ സംഗമത്തിന്റെ ലക്ഷ്യം.

ഹൂസ്റ്റണിൽ നിന്നുള്ള പ്രശസ്ത സുവിശേഷകനായ ഫാ. ഡേവിഡ് മൈക്കിൾ മോസസ് , കത്തോലിക്കാ പ്രഭാഷകനും കൊമേഡിയനും സംഗീതജ്ഞനുമായ പോൾ ജെ. കിം, എഴുത്തുകാരിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ എമിലി വിൽസൺ, പോഡ്കാസ്റ്ററും ഓൺലൈൻ സുവിശേഷകനുമായ ഗേബ് കാസ്റ്റിലോ തുടങ്ങിയവരടങ്ങുന്ന ശ്രദ്ധേയരായ സുവിശേഷകരും എഴുത്തുകാരും വൈദികരും സമ്മേളനത്തിൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

ഈ സമ്മേളനത്തിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും fullnessoftruth.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്