യുഎസിലെ ആദ്യ കാത്തലിക്ക് മിലിട്ടറി കോൺഫ്രന്‍സ് 9-ന് ആരംഭിക്കും

വാഷിംഗ്ടൺ ഡി.സി: സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവർക്കും കുടുംബാം​ഗങ്ങൾക്കുമായി യുഎസ് മിലിട്ടറി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രഥമ ദേശീയ കാത്തലിക്ക് മിലിട്ടറി കോൺഫ്രൻസ് സംഘടിപ്പിക്കുന്നു. അമേരിക്കൻ സായുധസേനയിലെ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി ആദ്യമായി സംഘടിപ്പിക്കുന്ന സമ്മേളനം നവംബർ 9 മുതൽ 11 വരെ വിർജീനിയയിലെ ഷാന്റിലിയിലുള്ള വേസ്റ്റ്ഫീൽഡ്സ് മരിയറ്റ് ഹോട്ടലിൽ നടക്കും.

“നീതിയോടെയുള്ള ജീവിതവും, സേവനവും” (Living and Serving Justly) എന്നതാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്‍റെ പ്രമേയം. സൈനിക ജീവിതത്തിന്റെ സങ്കീർണതകൾക്കിടയിലും കത്തോലിക്കാ വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും, ആത്മീയ ഉന്മേഷവും ദിശാബോധവും പകർന്നുനൽകാനുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നത്. പ്രമുഖ പ്രഭാഷകര്‍, സൈനിക സേവനത്തിന്റെ ആത്മീയ, ധാർമ്മിക, പ്രായോഗിക തലങ്ങളെക്കുറിച്ച് സംസാരിക്കും. ദിവസേനയുള്ള വിശുദ്ധ കുർബാന, കുമ്പസാരം, ദിവ്യകാരുണ്യ ആരാധന എന്നിവ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.

സൈനിക ജീവിതത്തില്‍ സമാന വെല്ലുവിളികൾ നേരിടുന്ന കത്തോലിക്കാ കുടുംബങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടാനും അനുഭവങ്ങൾ പങ്കുവെക്കാനും ഈ സമ്മേളനം അവസരം ഒരുക്കുന്നു. കൂടാതെ വിശ്വാസത്തിലധിഷ്ഠിതവുമായ സൈനിക കുടുംബജീവിതവും ദാമ്പത്യവും പടുത്തുയർത്തുന്നതിനായി പ്രത്യേക പരിശീലന പരിപാടികളും വർക്ക്‌ഷോപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. അമേരിക്കൻ സായുധസേനയിലെ വിവിധ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ആത്മീയ സേവനങ്ങൾ നൽകുന്ന യുഎസ് മിലിട്ടറി അതിരൂപതയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.