"ഓരോ വ്യക്തിയെയും പരിപാലിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്" 2027-ലെ ലോക രോഗീദിനത്തിലേക്കുളള പാപ്പായുടെ സന്ദേശത്തിന്റെ പ്രമേയം

രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും ചേർത്തുപിടിക്കാൻ ക്രൈസ്തവ സമൂഹങ്ങൾക്കുള്ള പങ്ക് ഉയർത്തിക്കാട്ടി,  2027-ലെ രോഗീദിനത്തിലേക്ക് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകുമെന്ന് സമഗ്ര മാനവിക വികസനത്തിനായുള്ള വത്തിക്കാൻ ഡികാസ്റ്ററി. നവംബർ 5 വ്യാഴാഴ്ച്ച പുറത്തുവിട്ട ഒരു അറിയിപ്പിലൂടെയാണ്, ഈ ദിനത്തിലേക്ക് പരിശുദ്ധ പിതാവ് നൽകാനിരിക്കുന്ന സന്ദേശത്തിന്റെ, "ഓരോ വ്യക്തിയെയും പരിപാലിക്കുന്നതിൽ സമൂഹത്തിന്റെ പങ്ക്" എന്ന പ്രമേയം ഡികാസ്റ്ററി വ്യക്തമാക്കിയത്.

യേശുവിന്റെ മുന്നിൽ തളർവാദരോഗിയെ ചിലർ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട, "അവർ അവനെ കിടക്കയോടെ യേശുവിന്റെ മുൻപിലേക്ക് ഇറക്കി" (ലൂക്ക 5, 19) എന്ന തിരുവചനത്തെ അധികരിച്ച്, രോഗികൾക്ക് സമൂഹം നൽകേണ്ട പ്രാധാന്യവും പരിപാലനവും ഉയർത്തിക്കാട്ടുന്നതായിരിക്കും വരും വർഷത്തേക്കുള്ള പാപ്പായുടെ സന്ദേശം.

എല്ലാ ക്രൈസ്തവ സമൂഹങ്ങളും, പൊതു സമൂഹവുമായി ചേർന്ന് അവർ ജീവിക്കുന്ന ഇടങ്ങളിലെ മനുഷ്യരുടെ ബലഹീനതകളും ദുരിതങ്ങളും ഏറ്റെടുക്കാൻ കടപ്പെട്ടവരാണെന്ന സന്ദേശമായിരിക്കും പാപ്പാ മുന്നോട്ടുവയ്ക്കുക. തളർവാദം ബാധിച്ച വ്യക്തിയെ ശാരീരികവും മാനസികവുമായ സൗഖ്യം നൽകാൻ കഴിവുള്ള യേശുവിന്റെ അടുക്കൽ എത്തിക്കാൻ ഒരു സമൂഹത്തിലെ ചിലർ ഒരുമിച്ച് മുന്നോട്ടിറങ്ങിയതുപോലെ, രോഗികൾക്കും കഷ്ടപ്പെടുന്നവർക്കും സഹായമെത്തിക്കാൻ ഇന്നത്തെ സമൂഹങ്ങളും കൂട്ടായ്മയോടെ പ്രവർത്തിക്കണമെന്ന ഉദ്ബോധനമാണ് ഇതിലൂടെ സഭ നൽകുന്നത്.

പരസ്പര സ്നേഹമെന്നത് മാമ്മോദീസയിലൂടെ ലഭിച്ച ക്രൈസ്തവ വിളിയുടെ അടിസ്ഥാനപരമായ ഭാഗമാണെന്ന് പരിശുദ്ധ പിതാവിന്റെ സന്ദേശത്തിന്റെ പ്രമേയം വ്യക്തമാക്കുന്നു. നിന്റെ അയൽക്കാരനെ സ്നേഹിക്കുക, അവനെ പരിപാലിക്കുക എന്ന പരസ്പര സ്നേഹത്തിന്റെ കല്പന ജീവിതത്തിൽ പ്രാവർത്തികമാകാനുള്ള വിളിയെക്കുറിച്ചാണ് ഈ സന്ദേശം ഓർമ്മിപ്പിക്കുന്നത്.

ഏകാന്തത അനുഭവിക്കുന്നവർ, വയോധികർ, രോഗികൾ, ദുരിതമനുഭവിക്കുന്നവർ എന്നിവരെ ചേർത്തുപിടിക്കാൻ ഇടവകകളും ക്രൈസ്തവ സമൂഹങ്ങളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. ശാരീരികവും ആത്മീയവുമായ സൗഖ്യത്തിലേക്ക് നയിക്കുന്ന, സ്നേഹത്തിന്റെയും സാമീപ്യത്തിന്റെയും പ്രത്യാശയുടെയും വഴികൾ തുറക്കുകയാണ് ഓരോ സമൂഹത്തിന്റെയും കടമയെന്നും പരിശുദ്ധ പിതാവ് ഇതിലൂടെ ഉദ്ബോധിപ്പിക്കുന്നു.