കൊല്‍ക്കത്ത: ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുക്കൊണ്ട് പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് ക്രൈസ്തവർ ഒരുമിച്ച് കൂടി. ഇന്നലെ നവംബർ 5 വ്യാഴാഴ്ച കൊൽക്കത്തയിലാണ് ആയിരക്കണക്കിന് ക്രൈസ്തവർ റാലി നടത്തിയത്. വിവിധ ക്രൈസ്തവ സഭകളെ ഉൾക്കൊള്ളുന്ന 'ബംഗിയ ക്രിസ്തീയ പരിസേബ' (BCP) എന്ന കൂട്ടായ്മ ആറ് കിലോമീറ്റർ ദൈർഘ്യമുള്ള പ്രാർത്ഥനാ റാലിയ്ക്കു നേതൃത്വം നല്കി.
വിവിധ സഭകളിൽ നിന്നുള്ള ബിഷപ്പുമാർ, വൈദികർ, സന്യാസിനികള്‍, പാസ്റ്റർമാർ, അൽമായർ എന്നിവർ റാലിയില്‍ പങ്കെടുത്തു. ക്രൈസ്തവര്‍ക്ക് നേരെയുള്ള ഭീഷണി, പ്രാർത്ഥനാ കൂട്ടായ്മകള്‍ക്കും പള്ളികൾക്കു നേരെയുള്ള അക്രമങ്ങൾ, വിശുദ്ധ ബൈബിളിനെയും വിശ്വാസപരമായ വസ്തുക്കളെയും അവഹേളിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് സമാധാനപരമായ സഹവർത്തിത്വത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയർത്തി റാലി നടന്നത്.
വിവിധ ക്രിസ്ത്യൻ സംഘടനകൾ, 11 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഉള്‍പ്പെടെ റാലിയിൽ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. കൊൽക്കത്ത ആർച്ച് ബിഷപ്പ് ഏലിയാസ് ഫ്രാങ്ക്, ബരുയിപൂർ ബിഷപ്പ് ശ്യാമൾ ബോസ് എന്നിവരും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളിലെ നേതാക്കളും സംഗമത്തിൽ പങ്കെടുത്തു. എസ്പ്ലനേഡിലെ റാണി റാഷ്മോണി അവന്യൂവിൽ നടന്ന പൊതുസമ്മേളനത്തോടെയാണ് റാലി സമാപിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപക ആക്രമണമാണ് അരങ്ങേറുന്നത്. ഈ പശ്ചാത്തലത്തിലായിരിന്നു ഭരണകൂടത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് റാലി നടന്നത്.