കത്തോലിക്കാ വിദ്യാഭ്യാസം സമാധാനം പ്രോത്സാഹിപ്പിക്കണം: പാപ്പാ

യേശുവിന്റെ മാതൃക പിന്തുടർന്ന്, വിദ്യാഭ്യാസ സേവനത്തിനായി ജീവിതം സമർപ്പിച്ചിരിക്കുന്ന ഏവർക്കും നന്ദിയർപ്പിച്ചുകൊണ്ടാണ്,  പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസം, മോന്തെവീദെയോയിലുള്ള ഉറുഗ്വേ  കത്തോലിക്കാ സർവകലാശാലയിൽവച്ച്, വിദ്യാഭ്യാസരംഗത്തുള്ള ആളുകളുമായി കൂടിക്കാഴ്ച്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്. കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സുവിശേഷ മൂല്യങ്ങളുടെ മൂർത്തമായ വെളിപ്പെടുത്തലുകളാണെന്നു പാപ്പാ പറഞ്ഞു. വിദ്യാർത്ഥി, അധ്യാപകൻ, പ്രധാനാധ്യാപകൻ എന്നിവർക്കിടയിലെ, പഞ്ചേന്ദ്രീയ പരമായ അനുഭവം ഉളവാക്കുക എന്നതാണ്, വിദ്യാഭ്യാസ മേഖലയിലെ അജപാലന ദൗത്യത്തിന്റെ ലക്ഷ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കത്തോലിക്കാ വിദ്യാഭ്യാസം, യുദ്ധത്തിന്റെ കരിനിഴൽ വീഴുന്ന ഈ സാഹചര്യത്തിൽ, സമൂഹത്തെ, സ്പർശനത്തിന്റെ പ്രാധാന്യം, കൈകൾ, വിരലുകൾ എന്നിവയുടെ പ്രാധാന്യം എന്നിവ കണ്ടെത്താൻ സഹായിക്കുന്നതിനായി വിളിക്കപ്പെട്ടിരിക്കുന്നുവെന്നു ഓർമ്മിപ്പിച്ചു. ഇവിടെ നിത്യപിതാവിന്റെ ആലിംഗനത്തിന്റെ ആർദ്രത ഏവർക്കും പ്രത്യേകമായി കുട്ടികളും, ചെറുപ്പക്കാരുമായ ആളുകൾക്ക് ലഭിക്കുമെന്ന ആശ്വാസം നൽകേണ്ടത്, സുവിശേഷം പ്രസംഗിക്കുന്നവരുടെ കഠിനവും എന്നാൽ മനോഹരവുമായ ദൗത്യമാണെന്നും, പിതാവ് ആലിംഗനം ചെയ്യപ്പെട്ടതായി തോന്നുന്നവർ അനിവാര്യമായും സമാധാന നിർമ്മാതാക്കളാണെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.

'കർത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിൻ' എന്ന വിശുദ്ധ പത്രോസ് ശ്ലീഹായുടെ ലേഖനത്തിലെ വാക്കുകൾ ഓർമ്മിപ്പിച്ചു കൊണ്ട്, ദൈവത്തിന്റെ നന്മയോട് നമ്മെ അടുപ്പിക്കുന്ന ഈ രുചി, നമ്മിൽ ജ്ഞാനം ഉണർത്തുന്നുവെന്നു ഉദ്‌ബോധിപ്പിച്ചു. വിവേചനമില്ലാതെ, ചിന്തിക്കാതെ, സന്ദർഭം അറിയാതെ വിവരങ്ങൾ ശേഖരിക്കുന്നവരെ ജ്ഞാനികളായി കണക്കാക്കാൻ കഴിയില്ലെന്നും, അതിനാൽ, സാങ്കേതികവിദ്യകളുടെയും നിർമ്മിതബുദ്ധിയുടെയും വിവേകപൂർണ്ണമായ ഉപയോഗത്തിന് സംഭാവന നൽകേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

യഥാർത്ഥ അധ്യാപകൻ സത്യത്തിനായുള്ള ആഗ്രഹം ഉണർത്തുന്നുവെന്നും, അടയാളങ്ങൾ വായിക്കാനും ആന്തരിക ശബ്ദം കേൾക്കാനുമുള്ള സ്വാതന്ത്ര്യം പഠിപ്പിക്കുന്നുവെന്നും അതിനാൽ കത്തോലിക്കാ വിദ്യാഭ്യാസം അപരനെ കേൾക്കുവാനുള്ള ഒരു ഇടമായിത്തീരണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. വിശുദ്ധ തിരുവെഴുത്തുകളിൽ, കർത്താവിനെ ശ്രവിക്കുന്നത് ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നീതിയുടെയും പ്രവൃത്തിയായി കണക്കാക്കപ്പെടുന്നതുപോലെ, അപരനെ കേൾക്കുമ്പോൾ, അവനെ നന്മയുടെ ഒരു ഭാഗമായി തിരിച്ചറിയുവാൻ സാധിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.