വിശ്വാസകൈമാറ്റത്തിൽ പരിശുദ്ധ അമ്മയുടെയും കുടുംബങ്ങളുടെയും പങ്ക് ഉയർത്തിക്കാട്ടി ലിയോ പതിനാലാമൻ പാപ്പാ

ഉറുഗ്വായുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ ഫ്ലോറിഡയിലെ "മുപ്പത്തിമൂന്നിന്റെ അമ്മ" എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് നവംബർ 8 ഞായറാഴ്ച, ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലിയർപ്പിക്കുകയും സന്ദേശം നൽകുകയും ചെയ്തു. പരിശുദ്ധ അമ്മയോട് ഉറുഗ്വായിലെ ജനങ്ങൾക്കുള്ള ഭക്തി പരാമർശിച്ച പാപ്പാ, കുടുംബത്തിന്, പ്രത്യേകിച്ച് അമ്മമാർക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും പുതുതലമുറകളിലേക്ക് വിശ്വാസം പകരുന്നതിലുള്ള പങ്ക് പ്രത്യേകം എടുത്തുപറഞ്ഞു.

കുടുംബങ്ങളിൽ വിശ്വാസം നിലനിർത്തുകയും അടുത്ത തലമുറയിലേക്ക് പകരുകയും ചെയ്യുന്നതിൽ അമ്മമാരും മുത്തശ്ശിമാരും സുപ്രധാനമായ ഒരു പങ്കാണ് വഹിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. കുട്ടികളെ ആദ്യമായി പ്രാർത്ഥിക്കാൻ പഠിപ്പിക്കുന്നതിലും, മാമ്മോദീസയ്ക്കും മറ്റ് കൂദാശകൾക്കും ഒരുക്കുന്നതിലും, ക്രിസ്തീയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ പകർന്നുനൽകുന്നതിലും സ്ത്രീകളുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് പാപ്പാ പറഞ്ഞു. തിമോത്തിയുടെ വിശ്വാസത്തിന് അടിത്തറയിട്ട അമ്മയായ എവുനിയെയും മുത്തശ്ശിയായ ലോവീസിനെയും  വിശുദ്ധ പൗലോസിന്റെ സാക്ഷ്യം പരാമർശിച്ചുകൊണ്ട് പരിശുദ്ധ പിതാവ് ഉദാഹരണമായി ചൂണ്ടിക്കാട്ടി.

അമ്മമാർക്കും മുത്തശ്ശിമാർക്കും എന്നതുപോലെ, വിശ്വാസം കൈമാറുന്നതിൽ പിതാക്കന്മാർക്കും മുത്തശ്ശന്മാർക്കും തുല്യമായ ഉത്തരവാദിത്വമുണ്ടെന്ന് പ്രസ്താവിച്ച പാപ്പാ, വിശുദ്ധ യൗസേപ്പിനെ മാതൃകയാക്കി പ്രാർത്ഥനയിലും സത്യസന്ധതയിലും കുടുംബത്തോടുള്ള ആദരവിലും കുടുംബനാഥന്മാർ കുട്ടികൾക്ക് മാതൃകകളാകേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ചു. പിതാവ് ദൈവസന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും കുടുംബാംഗങ്ങളോട് ക്ഷമയോടും ആദരവോടും കൂടി പെരുമാറുന്നത് കാണുന്നതും, കുടുംബപ്രാർത്ഥനയിലെ അവരുടെ പങ്കാളിത്തവും, ദൈനംദിന ജീവിതത്തിലെ വിശ്വാസസാക്ഷ്യവും കുട്ടികളുടെ ആത്മീയ വളർച്ചയ്ക്കും, അവർ വിശ്വാസത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിനും സഹായകരമാകും.

മറിയത്തിന്റെ മാതൃക പിന്തുടർന്ന് മറ്റുള്ളവരെ ക്രിസ്തുവിലേക്ക് നയിക്കുകയാണ് ഓരോ വിശ്വാസിയുടെയും ദൗത്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. കാനായിലെ കല്യാണവിരുന്നിൽ മറിയം പറയുന്ന, 'അവൻ നിങ്ങളോട് പറയുന്നതെല്ലാം ചെയ്യുവിൻ' എന്ന വാക്കുകൾ വിശ്വാസജീവിതത്തിന് വഴികാട്ടിയാണെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിന്റെയും വണക്കത്തിന്റെയും അടയാളമായി, മാതാവിന്റെ തിരുസ്വരൂപത്തിന് മുന്നിൽ സ്വർണറോസാപ്പൂവ് സമർപ്പിച്ച പരിശുദ്ധ പിതാവ്, ഉറുഗ്വായ് രാജ്യത്തെയും അതിലെ എല്ലാ ജനങ്ങളെയും മാതാവിന്റെ സംരക്ഷണത്തിന് ഭരമേൽപ്പിച്ചു. പരിശുദ്ധ കന്യകാമറിയം സ്നേഹിച്ചതുപോലെ ക്രിസ്തുവിനെ സ്നേഹിക്കാനും അവൾ അവനെ മറ്റുള്ളവരിലേക്ക് എത്തിച്ചതുപോലെ ക്രിസ്തുവിനെ ലോകത്തിന് പകർന്നുനൽകാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു.