മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്താനും, നമ്മുടെ ദൈനംദിന ജീവിതത്തെ മുൻപോട്ടു നയിക്കുവാനും സംഗീതം നമ്മെ സഹായിക്കുന്നതുപോലെ, കർത്താവിന്റെ അത്ഭുതകരവും, ഏകോപനാത്മകവുമായ കരവേലയോട് സഹകരിക്കുവാൻ തൊഴിൽ നമ്മെ ക്ഷണിക്കുന്നുവെന്ന ആമുഖത്തോടെയാണ്, ബുഎനസ് ഐറസിലെ പൊന്തിഫിക്കൽ കത്തോലിക്കാ സർവ്വകലാശാലയിൽ വച്ച്, സാമൂഹിക-തൊഴിൽ മേഖലയിലുള്ളവരുമായി, ലിയോ പതിനാലാമൻ പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയിൽ നൽകിയ സന്ദേശം ആരംഭിച്ചത്.
തൊഴിലാളികൾ, സംരംഭകർ, അക്കാദമിക് പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട്, തൊഴിലിന്റെ മാഹാത്മ്യത്തെപ്പറ്റി പാപ്പാ സംസാരിച്ചു. ജോലി എന്നത് കേവലം ഒരു ഉൽപ്പാദന ഉപാധിയോ സംഘർഷത്തിനുള്ള വഴിയോ അല്ല, മറിച്ച് സ്രഷ്ടാവിന്റെ ദൈവീക വേലയിൽ പങ്കാളിയാകാനുള്ള അവസരമാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവിധാനങ്ങൾ മനുഷ്യന്റെ സേവനത്തിനായിരിക്കണം നിലകൊള്ളേണ്ടതെന്നും, അതിനാൽ തൊഴിലില്ലായ്മ എന്നത് ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ അന്തസ്സിന് ഏൽക്കുന്ന കഠിനമായ മുറിവാണെന്നും, ശക്തമായ ഭാഷയിൽ പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പാരിസ്ഥിതിക പ്രതിസന്ധിയും, വിഭവങ്ങളുടെ അപരിമിതമായ ചൂഷണവും വലിയ വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പാ, പ്രകൃതിയുടെ ആവാസവ്യവസ്ഥയെയും ഭാവി തലമുറയുടെ അവകാശങ്ങളെയും ഹാനികരമായി ബാധിക്കുന്ന വളർച്ച യഥാർത്ഥ പുരോഗതിയല്ലെന്നും ചൂണ്ടിക്കാട്ടി. ചിലരുടെ മാത്രം സാമ്പത്തിക നേട്ടത്തിന് പകരം സമഗ്രമായ പരിസ്ഥിതിവിജ്ഞാനീയം അടിസ്ഥാനമാക്കിയുള്ള പുരോഗതിയാണ് പ്രധാനമെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
നമ്മുടെ ജോലിയിലൂടെ മറ്റുള്ളവരെ സേവിക്കാനും നമുക്ക് ചുറ്റുമുള്ളവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ പുലർത്താനും ദൈവം നമ്മെ വിളിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.ദൈവത്തെ നമ്മുടെ പ്രവൃത്തികളുടെ കേന്ദ്രത്തിലും, മനുഷ്യനെ നമ്മുടെ തീരുമാനങ്ങളുടെ കേന്ദ്രത്തിലും നിർത്തി പുതിയൊരു സ്നേഹത്തിന്റെ നാഗരികത പടുത്തുയർത്താൻ ഏവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.