രാജ്യത്തെ പകുതിയോളം ജനങ്ങളും ഒരു മതത്തിലും വിശ്വസിക്കാത്ത ഉറുഗ്വേയിൽ, ഫ്രാൻസിലെ അത്ഭുതം പാപ്പ ആവർത്തിക്കുന്നത് അത്ഭുതത്തോടെയാണ് ലോകം നോക്കി കണ്ടത്. പാപ്പയുടെ ചടങ്ങുകളിലെ വൻ ജനാപങ്കാളിത്തം നിരീക്ഷകരുടെ എല്ലാ കണക്കുകൂട്ടലുകളും കവച്ചുവയ്ക്കുന്നതായിരുന്നു. പാപ്പ അർപ്പിച്ച ദിവ്യബലിയിൽ മാത്രം 40,000 ഓളം ആളുകളാണ് പങ്കെടുത്തത്.
സന്ദർശനത്തിന്റെ അവസാന ദിനത്തിൽ തലസ്ഥാനമായ മൊണ്ടെവീഡിയോയ്ക്ക് വടക്കുള്ള ഫ്ലോറിഡ നഗരത്തിലെത്തിയ മാർപാപ്പ, ഉറുഗ്വേയുടെ സ്വാതന്ത്ര്യചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ‘വിർജിൻ ഓഫ് ദി തേർട്ടി-ത്രീ’ തിരുനാളിൽ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ചു . രാജ്യത്തിന്റെ ചരിത്രത്തിലും സംസ്കാരത്തിലും കത്തോലിക്കാ സഭയ്ക്കുള്ള സ്ഥാനം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ആയിരക്കണക്കിന് വിശ്വാസികൾ പങ്കുചേർന്ന ഈ ദിവ്യബലി.
മൊണ്ടെവീഡിയോയിലെ അതീവ പിന്നാക്ക മേഖലയായ കാസാവാലെയിലെ സാധാരണ ജനങ്ങളെ സന്ദർശിച്ച പാപ്പ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസം പകർന്നു. വിശ്വാസം കെടാതെ സൂക്ഷിക്കണമെന്നും വിദ്യാഭ്യാസം സമൂഹത്തിൽ പ്രത്യാശയുടെ പ്രകാശമായി മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
അതേസമയം, ഉറുഗ്വേയിലെ 3 ദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി അർജന്റീനയിലെത്തിയ പാപ്പക്ക് ഹൃദ്യമായ വരവേൽപ്പാണ് ബ്യൂണസ് അയറസിൽ ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ അർജന്റീനിയൻ പ്രസിഡന്റ് ഹാവിയർ മിലെയ് മാർപാപ്പയെ നേരിട്ടെത്തി സ്വീകരിച്ചു. വത്തിക്കാൻ പതാകകളേന്തി തെരുവുകളിൽ തടിച്ചുകൂടിയ പതിനായിരക്കണക്കിന് വിശ്വാസികൾ “പാപ്പാ ലിയോൺ” എന്ന മുദ്രാവാക്യങ്ങളോടെയാണ് പാപ്പയെ വരവേറ്റത്. ഏതാണ്ട് 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു കത്തോലിക്കാ സഭാ തലവൻ അർജന്റീന സന്ദർശിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ തന്റെ ഭരണകാലത്ത് ജന്മനാടായ അർജന്റീന സന്ദർശിച്ചിരുന്നില്ല എന്നതും ഈ യാത്രയെ പ്രാധാന്യമുള്ളതാക്കി മാറ്റുന്നു.