കെയ്റോ: ക്രിസ്തുവിശ്വാസം തള്ളിപ്പറഞ്ഞു ഇസ്ലാം മതം സ്വീകരിക്കാനുള്ള സമ്മര്‍ദ്ധത്തിന് മുന്നില്‍ വിസമ്മതിച്ച ഇരുപതുകാരനായ ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവ യുവാവിനെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരർ കൊലപ്പെടുത്തി. വടക്കൻ ഈജിപ്തിലെ ഘർബിയ ഗവർണറേറ്റിലെ സെബർബേ ഗ്രാമത്തിൽ നിന്നുള്ള മിലാദ് മലാക് എന്ന യുവാവാണ് ലിബിയയിൽവെച്ച് കൊല്ലപ്പെട്ടത്. നാട്ടിൽ ഡീക്കനായി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു മിലാദ്.
കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനും ഉപജീവനമാർഗ്ഗം കണ്ടെത്താനുമായി ഗ്രാമത്തിലെ രണ്ട് മുസ്ലിം സുഹൃത്തുക്കൾക്കൊപ്പമാണ് മിലാദ് ലിബിയയിലേക്ക് പോയത്. എന്നാൽ ലിബിയയിലെ സ്ലിറ്റൻ നഗരത്തിൽ വെച്ച് ഈജിപ്ഷ്യൻ തൊഴിലാളികളുടെ സംഘത്തോടൊപ്പം ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ബന്ദികളാക്കപ്പെട്ട സംഘത്തിൽ മിലാദ് മാത്രമാണ് ക്രിസ്ത്യാനിയെന്ന് തിരിച്ചറിഞ്ഞ ഭീകരർ, ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ അദ്ദേഹത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തി.
ദിവസങ്ങളോളം ക്രൂരമായ മർദ്ദനത്തിനും പീഡനങ്ങൾക്കും വധഭീഷണികൾക്കും ഇരയായിട്ടും യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ മിലാദ് തയ്യാറായില്ലെന്ന് ഒപ്പം ബന്ദികളാക്കപ്പെടുകയും പിന്നീട് മോചിതരാവുകയും ചെയ്ത സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഭീഷണികൾക്കും പീഡനങ്ങൾക്കും വഴങ്ങാതെ വന്നതോടെ ഭീകരർ മിലാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം നിരീക്ഷിക്കുന്ന സംഘടനയായ 'ഓപ്പൺ ഡോർസ്' റിപ്പോർട്ട് ചെയ്യുന്നു.
2015-ൽ ലിബിയയിലെ കടൽത്തീരത്ത് വെച്ച് വിശ്വാസം ത്യജിക്കുവാന്‍ വിസമ്മതിച്ച 20 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികളെയും ഒരു ഘാന സ്വദേശിയെയും ഐസിസ് ഭീകരർ കഴുത്തറുത്ത് കൊലപ്പെടുത്തിയ ക്രൂരതയെ അനുസ്മരിപ്പിക്കുന്നതാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ഈ സംഭവം. അന്ന് ഇസ്ളാമിക ഭീകരതയ്ക്ക് മുന്നിൽ ജീവൻ ബലിയർപ്പിച്ച് വിശ്വാസം മുറുകെപ്പിടിച്ച 21 ക്രൈസ്തവരെയും കോപ്റ്റിക് സഭ രക്തസാക്ഷികളായി പ്രഖ്യാപിച്ചിരിന്നു.