ഉറുഗ്വേ, അർജന്റീന എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം, തെക്കേ അമേരിക്കയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് ലെയോ പതിനാലാമൻ പാപ്പ പെറുവിലെത്തി. നവംബർ 11 ബുധനാഴ്ച പെറുവിലെ ജനങ്ങൾ ഇരുകൈകളും നീട്ടിയാണ് പാപ്പയെ സ്വീകരിച്ചത്.
കല്ലാവോ (Callao) വ്യോമതാവളത്തിൽ വിമാനമിറങ്ങിയ ലെയോ പാപ്പയെ പ്രസിഡന്റ് കെയ്കോ ഫുജിമോറിയും വിദേശകാര്യമന്ത്രി കാർലോസ് എസ്പായും ചേർന്ന് സ്വീകരിച്ചു. രണ്ട് കുട്ടികൾ പാപ്പയ്ക്ക് പൂച്ചെണ്ടുകൾ സമ്മാനിക്കുകയും പാപ്പ അവരെ ആലിംഗനം ചെയ്ത് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. പാപ്പയെ സ്വീകരിക്കാൻ വിവിധ സംഘങ്ങൾ കാത്തുനിൽക്കെ, 27 കുട്ടികൾ ഉൾപ്പെടുന്ന ‘സിംഫോണിയ പോർ എൽ പെറു’ (Sinfonía por el Perú) എന്ന ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. അതേസമയം, ഭിന്നശേഷിക്കാരെയും നിരവധി കുഞ്ഞുങ്ങളെയും അനുഗ്രഹിക്കാൻ പാപ്പ സമയം കണ്ടെത്തി. വത്തിക്കാൻ പ്രതിനിധിസംഘത്തെ അഭിവാദ്യം ചെയ്യുന്നതിനു മുൻപ് കുട്ടികൾ പാപ്പയ്ക്ക് ചെറിയ സമ്മാനങ്ങൾ നൽകി.
തുടർന്ന് പാപ്പ അവെനിഡ ബ്രസീലിലേക്ക് (Avenida Brasil) എത്തി. അവിടെ വച്ച് വാഹനം മാറി ‘പോപ്പ്മൊബീലിൽ’ (Popemobile) കയറിയ പാപ്പ, ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്കും പ്രസിഡന്റ് കെയ്കോ ഫുജിമോറിയുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി പ്രസിഡൻഷ്യൽ പാലസിലേക്കു പോകുന്ന വഴിയിലുടനീളം തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു. പെറുവിലെ മാർപാപ്പയുടെ ആദ്യ സായാഹ്നം ഗ്രാൻഡ് നാഷണൽ തിയേറ്ററിൽ സമാപിച്ചു. അവിടെ രാജ്യത്തെ അധികാരികൾ, സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ, നയതന്ത്ര പ്രതിനിധികൾ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് സന്ദർശനത്തിലെ തന്റെ ആദ്യ പ്രഭാഷണം പാപ്പ നടത്തും.
പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലെയോ പാപ്പയുടെ ആദ്യ പെറു സന്ദർശനമാണിത്. വർഷങ്ങളോളം അഗസ്തീനിയൻ മിഷനറിയായും പിന്നീട് 2015 മുതൽ 2023 വരെ ചിക്ലായോ (Chiclayo) രൂപതയുടെ ബിഷപ്പായും സേവനമനുഷ്ഠിച്ച രാജ്യത്തേക്കാണ് പാപ്പ മടങ്ങിയെത്തുന്നത്. വടക്കൻ നഗരമായ ചിക്ലായോയിലേക്ക് എത്തുന്ന പാമ്പാസ് ഡി പിമെന്റലിൽ (Pampas de Pimentel) വിശുദ്ധ കുർബാന അർപ്പിക്കും.
ഇന്ന് പാപ്പ പെറുവിലെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുകയും ലിമ കത്തീഡ്രലിൽ മധ്യാഹ്ന പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. തുടർന്ന് കത്തീഡ്രലിനു പുറത്തുള്ള ചത്വരത്തിൽ പെറൂവിയൻ ജനതയുടെ വെല്ലുവിളികളെയും പ്രതീക്ഷകളെയും കുറിച്ചുള്ള സമ്മേളനത്തിൽ പാപ്പ പങ്കെടുക്കും. സന്ദർശനത്തിന്റെ ഭാഗമായി പാപ്പ കുസ്കോയിലേക്കു (Cusco) പോവുകയും അവിടെ സഖ്സായ്വാമാനിൽ (Saqsaywaman) ത്രികാലജപം (Angelus) ചൊല്ലുകയും ചെയ്യും. തുടർന്ന് പുക്കാൽപ്പയിൽ (Pucallpa) എത്തുന്ന പാപ്പ, മിഷനറിമാരെയും ആമസോൺ മേഖലയിലെ ജനവിഭാഗങ്ങളുടെ പ്രതിനിധികളെയും കാണും. റോമിലേക്കു മടങ്ങുന്നതിനു മുൻപ്, നവംബർ 16 തിങ്കളാഴ്ച ലാസ് പാൽമാസ് വ്യോമതാവളത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനായി പാപ്പ ലിമയിലേക്ക് തിരിച്ചെത്തും.