ലിമ: എട്ടു വര്‍ഷക്കാലം പെറുവിലെ ചിക്ലായോ ബിഷപ്പായും 2020 മുതൽ 2021 വരെ കല്ലാവോയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും സേവനം ചെയ്ത ബിഷപ്പ് റോബര്‍ട്ട് പ്രിവോസ്റ്റ് (ലെയോ പാപ്പ) ആഗോള സഭയുടെ തലവനായ പശ്ചാത്തലത്തില്‍ പടുകൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്തു. പ്രശസ്ത ശിൽപികളായ ഡെയ്വി വോങ് അരാന, റാഫേൽ ഗുട്ടറസ് ക്വിസ്പെ എന്നിവരുടെ നേതൃത്വത്തില്‍ 14 മീറ്റർ (45 അടി) ഉയരത്തിലാണ് ലെയോ പാപ്പയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മാർപാപ്പയുടെ പെറു സന്ദർശനത്തിന് മുന്നോടിയായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ആയിരങ്ങളെ സാക്ഷിയാക്കിയാണ് പ്രതിമ അനാവരണം ചെയ്തത്.
പെറുവിൽ ഒരു മാർപാപ്പയ്ക്കായി നിർമ്മിച്ചതിൽ വച്ച് ഏറ്റവും ഉയരം കൂടിയ പ്രതിമയാണിത്. 2 മീറ്റർ (6 അടി) ഉയരമുള്ള പീഠത്തിന് മുകളിലായി 12 മീറ്റർ ഉയരത്തിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. മാർബിളിന് സമാനമായ ഫിനിഷിംഗുള്ള പ്രതിമ, ലോഹ ചട്ടക്കൂടിൽ പോളിയുറീൻ ഫോം, ഫൈബർഗ്ലാസ്, പോളിസ്റ്റർ റെസിൻ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചത്. കല്ലാവോ മേയർ സീസർ പെരസ് അനാച്ഛാദന ചടങ്ങിന് നേതൃത്വം നൽകി. കല്ലാവോ ബിഷപ്പ് ലൂയിസ് ആൽബെർട്ടോ ബരേര പച്ചെക്കോ, പെറുവിയൻ ബിഷപ്പ്സ് കോൺഫറൻസ് ഡെപ്യൂട്ടി സെക്രട്ടറി മോൺസിഞ്ഞോർ ഗില്ലെർമോ ഇങ്ക പെരേഡ, പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ കാജ ഹുവാൻകായോ പ്രസിഡന്റ് ജോർജ്ജ് ഗില്ലെർമോ സോളിസ് എസ്പിനോസ, നിയുക്ത ഗവർണർ പെഡ്രോ സ്പദാരോ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രൂപതയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയോടുള്ള കല്ലാവോയിലെ ജനങ്ങളുടെ അഭിമാനവും നന്ദിയും വിശ്വാസവുമാണ് ഈ ശിൽപത്തിലൂടെ പ്രകടിപ്പിക്കുന്നതെന്ന് മുനിസിപ്പാലിറ്റി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. 2015 മുതൽ ലെയോ പാപ്പയ്ക്ക് പൗരത്വമുള്ള രാജ്യമാണ് പെറു. മുന്‍പ് 2014-ല്‍ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായും 2015 സെപ്റ്റംബർ മുതല്‍ ചിക്ലായോയിലെ ബിഷപ്പായും ലെയോ പാപ്പ സേവനം ചെയ്ത രാജ്യമാണ് പെറു. 2018 മുതൽ 2023 വരെ പെറുവിയൻ ബിഷപ്പ്സ് കോൺഫറൻസിന്റെ രണ്ടാം വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിരിന്നു. അതേസമയം ലെയോ പാപ്പയുടെ പെറു സന്ദര്‍ശനം പുരോഗമിക്കുകയാണ്. 17 വരെ നീളുന്ന സന്ദര്‍ശനത്തിനിടെ ലിമ, ചിക്ലായോ, കുസ്കോ, പുക്കാൽപ എന്നീ നഗരങ്ങൾ പാപ്പ സന്ദര്‍ശിക്കും.