സഭാ സമാധാനത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം നല്‍കി ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന ഒരു വര്‍ഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ.
സമാധാനത്തിനും അനുരഞ്ജനത്തിനും സാധ്യമായ എല്ലാ ശ്രമങ്ങളും നാം നടത്തണമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ആഹ്വാനം നല്‍കി. മലങ്കര സഭയിലെ ആദ്യത്തെ വിശുദ്ധനായ പരുമല തിരുമേനി ആഗോള സുറിയാനി സഭയുടെയും വിശുദ്ധനാണെന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. വിശ്വാസികള്‍ പലയിടത്തും ബുദ്ധിമുട്ടുകളും ദുരിതങ്ങളും നേരിടുന്ന സാഹചര്യത്തില്‍ സഭയില്‍ സമാധാനവും ഐക്യവും വളര്‍ത്തുന്നതിന് ഒരുമിച്ചു പ്രവര്‍ത്തിക്കണം. സര്‍ക്കാരുകളും സഭാ നേതാക്കളും നടത്തുന്ന ശ്രമങ്ങള്‍ എല്ലാവര്‍ക്കും നീതിയും അന്തസ്സും ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് നയിക്കട്ടെ എന്നും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ ആശംസിച്ചു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ യാക്കോബായ കത്തീഡ്രലില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 125-ാം ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി നടത്തുന്ന ഒരു വര്‍ഷത്തെ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ. മലങ്കര യാക്കോബായ സഭാദ്ധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മാര്‍ തോമസ് അദ്മൂറിസ് ഷൗകി മക്ലോഫ്, മാര്‍ അഷോദ് മനറ്റ്സകന്യന്‍, മാര്‍ യെസ്സായി ഹൈഗസൂന്‍ അഷ്‌കാറിയന്‍ തുടങ്ങിയവരും ആഗോള സഭയെ പ്രതിനിധീകരിച്ചെത്തിയ ബിഷപ്പുമാരും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങില്‍ പങ്കെടുത്തു. സഭയുടെ വെബ്സൈറ്റ് ഉദ്ഘാടനവും എല്‍ഡര്‍ ഫോറം ലോഗോ പ്രകാശനവും മുളന്തുരുത്തി സുന്നഹദോസിനെക്കുറിച്ചു ബിബി ഏബ്രഹാം കടവുംഭാഗം, ബിജു കുര്യന്‍ കളമ്പുകാട്ട്, തോമസ് ദാനിയേല്‍ കരിമ്പനയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു തയാറാക്കിയ പുസ്തകത്തിന്റെ പ്രകാശനവും പാത്രിയര്‍ക്കീസ് ബാവാ നിര്‍വഹിച്ചു.