കൃപയുടെ 700 വര്‍ഷങ്ങള്‍, ജൂബിലി നിറവില്‍ കൊല്ലം രൂപത. മൂന്നു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 9ന് തുടക്കമാകും. ഭാരതത്തിലെ ആദ്യ കത്തോലിക്കാ രൂപതയായ കൊല്ലം രൂപത, സ്ഥാപിതമായതിൻ്റെ 700ാം വാര്‍ഷിക ജൂബിലിയിലേക്ക് പ്രവേശിക്കുന്നു. വിശ്വാസത്തില്‍ വേരൂന്നി, പ്രത്യാശയുടെ തീര്‍ഥാടകരായി, സ്‌നേഹത്തിന് സാക്ഷികളാകാന്‍ എന്ന ആപ്തവാക്യവുമായി മൂന്നു വര്‍ഷം നീളുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക് ഓഗസ്റ്റ് 9ന് തുടക്കമാകുമെന്ന് കൊല്ലം മെത്രാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി ഇടയലേഖനത്തിലൂടെ അറിയിച്ചു.
വിശുദ്ധ തോമസ് അപ്പസ്‌തോലന്‍ സ്ഥാപിച്ച ആദ്യകാല ക്രൈസ്തവ സമൂഹങ്ങളിലൊന്നായ പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ ദൈവാലയത്തില്‍, രൂപതയുടെ സ്ഥാപന ദിനമായ ഓഗസ്റ്റ് 9ന്, ജോര്‍ദാനുസ് കത്തലാനി ദിനത്തോടനുബന്ധിച്ച് വൈകിട്ട് 4.30ന് അര്‍പ്പിക്കുന്ന ആഘോഷമായ കൃതജ്ഞതാ ദിവ്യബലിയോടെയാണ് ജൂബിലി ഔദ്യോഗികമായി ആരംഭിക്കുക. എല്ലാ വൈദികരും സമര്‍പ്പിതരും ഇടവക പ്രതിനിധികളും ഇതില്‍ പങ്കെടുക്കണമെന്ന് മെത്രാന്‍ അഭ്യര്‍ഥിച്ചു.
തുടര്‍ന്ന് ഓഗസ്റ്റ് 10ന് പട്ടത്താനം ഭാരത രാജ്ഞി ദൈവാലയങ്കണത്തില്‍ നടക്കുന്ന ജൂബിലി സമാരംഭ പൊതുസമ്മേളനത്തില്‍ ത്രിവര്‍ഷ പദ്ധതികള്‍ക്ക് തുടക്കമാകും. കേരളത്തിൻ്റെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ജൂബിലി പ്രവര്‍ത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കും. എല്ലാ വൈദികരും സന്യസ്തരും ഇടവകകളില്‍ നിന്നുള്ള അജപാലന സമിതി അംഗങ്ങളും ആനിമേറ്റര്‍മാരും മതാധ്യാപകരും , വിശ്വാസികളും ഈ ചരിത്ര നിമിഷത്തില്‍ പങ്കാളികളാകണമെന്നും ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി അഭ്യര്‍ഥിച്ചു.