ലൈംഗിക ചൂഷണങ്ങളും ദുരുപയോഗങ്ങളും അവസാനിപ്പിക്കുന്നതും അതിജീവിതർക്ക് നീതി ഉറപ്പാക്കുന്നതും സുവിശേഷപരമായ മാനസാന്തരത്തിന്റെ കൂടി ഭാഗമാണെന്ന് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻസമിതി, നവംബർ 18 ബുധനാഴ്ച ലൈംഗിക ചൂഷണങ്ങൾക്കെതിരെ ദേശീയ പ്രാർത്ഥനാദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ്, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാ സമ്മേളനത്തിന്റെ അവസാനത്തിൽ പരിശുദ്ധ പിതാവ് ഈയൊരു തിന്മയെക്കുറിച്ച് പരാമർശിച്ചത്.
പ്രായപൂർത്തിയാകാത്തവരുടെയും ദുർബലരായ മുതിർന്നവരുടെയും സംരക്ഷണത്തിനായുള്ള ഇറ്റാലിയൻ മെത്രാൻസമിതിയുടെ ദേശീയ സേവന വിഭാഗം നേതൃത്വം നൽകുന്ന ഈ ദിനാചരണത്തിന്റെ “സുഖപ്പെടുത്തുന്ന ശ്രവണം, പുനർനിർമിക്കുന്ന സമൂഹങ്ങൾ” എന്ന പ്രമേയം പരാമർശിച്ച പാപ്പാ, ഇത്, വേദനകളിലൂടെ കടന്നുപോകുന്ന ഇരകളുടെ നിലവിളി കേൾക്കാൻ ക്രൈസ്തവസമൂഹത്തിനുള്ള ശക്തമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് പ്രസ്താവിച്ചു.
ലൈംഗിക ദുരുപയോഗങ്ങൾ തടയുകയും അവയ്ക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്തിന്റെ പ്രാധാന്യം അനുസ്മരിപ്പിച്ച പാപ്പാ, മുറിവേറ്റവരുടെ അനുഭവങ്ങളും വേദനകളും ശ്രദ്ധയോടെ കേൾക്കുന്നതിലൂടെയാണ് ഈ പ്രക്രിയ ആരംഭിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. തിന്മയെ അതിന്റെ യഥാർത്ഥ പേരിൽ വിളിക്കാനും സത്യം, നീതി എന്നിവയിലേക്കുള്ള വഴികളിലൂടെ മുന്നേറാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.
നവംബർ 6 മുതൽ 17 വരെ തീയതികളിലായി തെക്കേ അമേരിക്കയിലേക്ക് നടത്തിയ തന്റെ അപ്പസ്തോലിക യാത്രയുടെ ഭാഗമായി, ഇത്തരമൊരു ഗുരുതരമായ തിന്മയുടെ ഇരകളായ നിരവധി ആളുകൾക്ക് പരിശുദ്ധ പിതാവ് സ്വകാര്യ കൂടിക്കാഴ്ച അനുവദിക്കുകയും, തന്റെ സാമീപ്യം ഉറപ്പുനൽകുകയും, സഭയെ സുരക്ഷിതമായ ഒരിടമാക്കി മാറ്റാൻ വേണ്ട പരിശ്രമങ്ങൾക്കായി അവരുടെ അഭിപ്രായങ്ങൾ ശ്രവിക്കുകയും ചെയ്തിരുന്നു.