യുവജനങ്ങളെ ക്രിസ്തുവിലേക്കും യഥാർത്ഥ സമാധാനത്തിലേക്കും നയിക്കാൻ ഷാലോം സമൂഹത്തെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

യുവജനങ്ങളുടെ ഹൃദയത്തിൽ ദൈവത്തിനും യഥാർത്ഥ സ്നേഹത്തിനുമായുള്ള ആഴമായ ആഗ്രഹം നിലനിൽക്കുന്നുണ്ടെന്നും, അവരെ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലേക്ക് നയിക്കാൻ സഹായിക്കണമെന്നും ശാലോം (Shalom) കത്തോലിക്കാ സമൂഹത്തിലെ അംഗങ്ങളെ ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഈ സമൂഹം അതിന്റെ സ്ഥാപനത്തിന്റെ നാൽപ്പത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് റോമിലും അസ്സീസിയിലും ഒത്തുചേർന്ന അവസരത്തിൽ, നവംബർ 19 വ്യാഴാഴ്ച വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ, സമൂഹത്തിന്റെ സ്ഥാപകൻ മോയ്സസ് ലൂറോ ദേ അസെവേദോ (Moysés Louro de Azevedo), സഹസ്ഥാപക എമ്മിർ നൊഗ്വേര (Emmir Nogueira) എന്നിവരെ അഭിവാദ്യം ചെയ്ത പാപ്പാ, യുവജനങ്ങൾക്ക് വിശ്വാസപരമായ സഹായമേകുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

"ഷാലോം" എന്ന പേരു തന്നെ സമാധാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന കാര്യം പരാമർശിച്ച പാപ്പാ, സമാധാനമെന്നത്, കേവലം സാമൂഹിക പ്രവർത്തനമല്ല മറിച്ച്, ഉയിർത്തെഴുന്നേറ്റ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയിലൂടെ ലഭിക്കുന്ന ആത്മീയമായ അനുരഞ്ജനത്തിന്റെയും ആശ്വാസത്തിന്റെയും അനുഭവമാണെന്ന് ഉദ്‌ബോധിപ്പിച്ചു. ക്രിസ്തുവാണ് നമ്മുടെ സമാധാനമെന്നും ഈ അനുഭവം ജീവിതത്തെ മാറ്റിമറിക്കുകയും പൂർണമായി അവിടുത്തെ അനുഗമിക്കാനുള്ള ആഗ്രഹം വളർത്തുകയും ചെയ്യുമെന്നും പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.

സുവിശേഷത്തിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ആഗ്രഹമാണ് ഷാലോം സമൂഹത്തിന്റെ സുവിശേഷവത്കരണ പ്രവർത്തനങ്ങൾക്ക് പ്രചോദനമായതെന്ന് അനുസ്മരിച്ച പാപ്പാ, യുവജനങ്ങൾക്കിടയിൽ സൗഹൃദത്തിലൂടെയും വ്യക്തിപരമായ അടുപ്പത്തിലൂടെയും ക്രിസ്തുവിനെ പരിചയപ്പെടുത്തുന്ന ഈ സമൂഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

വിശ്വാസത്തിലും പ്രാർത്ഥനയിലും അനേകരെ വളർത്തിയ ഷാലോം സമൂഹത്തിന്റെ രൂപീകരണ പ്രവർത്തനങ്ങളെ പ്രശംസിച്ച പാപ്പാ, വിവിധ രാജ്യങ്ങളിലെ സുവിശേഷവത്കരണ കേന്ദ്രങ്ങൾ, പ്രാർത്ഥനാസമൂഹങ്ങൾ, വൈദിക-വിവാഹജീവിതത്തിലേക്കുള്ള ദൈവവിളികൾ എന്നിവയ്ക്ക് നൽകുന്ന പ്രോത്സാഹനം, യുവജനങ്ങൾക്കായുള്ള പരിശീലന-സേവന പദ്ധതികൾ എന്നിവ സമൂഹത്തിന്റെ പ്രധാന സംഭാവനകളായി ചൂണ്ടിക്കാട്ടി.

ക്രിസ്തുവിനെ എല്ലാറ്റിന്റെയും കേന്ദ്രമായി നിലനിർത്തണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ വിനയത്തോടെ തിരിച്ചറിയണമെന്നും നിർദേശിച്ച പാപ്പാ, അംഗങ്ങളുടെ സ്വാതന്ത്ര്യത്തെയും മനഃസാക്ഷിയെയും മാനിച്ചുകൊണ്ട് അവരെ തങ്ങളുടെ ദൈവവിളി തിരിച്ചറിയാൻ സഹായിക്കണമെന്ന് ഓർമ്മിപ്പിച്ചു.

ഇന്നത്തെ യുവാക്കൾക്ക് മുന്നിലുള്ളത് മുൻകാല തലമുറകളിൽനിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളാണെങ്കിലും അവരുടെ ഹൃദയത്തിലെ അടിസ്ഥാന ആഗ്രഹങ്ങൾക്ക് മാറ്റമില്ലെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, യുവജനങ്ങളെ ക്രിസ്തുവിലേക്കു നയിക്കുന്നതോടൊപ്പം ഭാവിയിൽ ക്രൈസ്തവ കുടുംബങ്ങൾ രൂപീകരിക്കാനും വിശ്വാസം അടുത്ത തലമുറയിലേക്ക് പകരാനും അവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു.

സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിൽ ഷാലോം സമൂഹത്തിനും അതിലെ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും സുപ്രധാന പങ്കുണ്ടെന്ന് പറഞ്ഞ പാപ്പാ, സഭയോടും ഇടയന്മാരോടുമുള്ള കൂട്ടായ്മയും ഉത്തരവാദിത്വബോധവും സഭാംഗങ്ങൾക്കുള്ളിൽ വളർത്തണമെന്ന് ആഹ്വാനം ചെയ്തു.

വിശുദ്ധ തെരേസയുടെയും അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും മാദ്ധ്യസ്ഥ്യം അപേക്ഷിച്ച പാപ്പാ, ക്രിസ്തുവിനോടും സഭയോടുമുള്ള സ്നേഹത്തിലും മിഷനറി തീക്ഷ്ണതയിലും പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തിലും വളരാൻ സമൂഹാംഗങ്ങൾക്ക് ആശംസകൾ നേരുകയും ഷാലോം സമൂഹത്തിന് മുഴുവനും അപ്പസ്തോലിക ആശീർവാദം നൽകുകയും ചെയ്തു.