അമേരിക്കയെ ആത്മീയമായി ഒരുക്കാന്‍സിഎംഐ സഭ

ടെന്നസി (യുഎസ്എ): കേരളത്തില്‍ ജന്മമെടുത്ത, കേരളത്തിന്റെ ആത്മീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായ, ആഫ്രിക്കയുള്‍പ്പെടെയുള്ള മിഷന്‍ മേഖലകളില്‍ സുവിശേഷം വിതയ്ക്കുന്ന സിഎംഐ സഭ സുപ്രധാനമായ ഒരു ചുവടുവെക്കുകാണ്. അമേരിക്കന്‍ ജനതയ്ക്ക് ആത്മീയ ഉണര്‍വേകാന്‍ സിഎംഐ സഭയുടെ പുതിയ ധ്യാനകേന്ദ്രം ടെന്നസിയിലെ നാഷ്വില്ലിനു സമീപമുള്ള ലിബര്‍ട്ടിയില്‍ തയാറായിക്കഴിഞ്ഞു. കാര്‍മല്‍ റിട്രീറ്റ് സെന്റര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ധ്യാനകേന്ദ്രത്തിലെ ആദ്യ ഔദ്യോഗിക ധ്യാനം നടന്നു. കര്‍മലീത്താ മൂന്നാം സഭാംഗങ്ങള്‍ ക്കായാണ് ധ്യാനം നടത്തിയത്.

കര്‍മലീത്താ ആത്മീയത വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ധ്യാനകേന്ദ്ര ത്തിന്റെ മുഖ്യസവിശേഷത ഏതാണ്ട് 230 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ്. മുപ്പതുപേര്‍ക്ക് താമസിച്ച് ധ്യാനിക്കാനുള്ള സൗകര്യത്തിനു പുറമെ, ഏകാന്ത ധ്യാനത്തിന്‍ രണ്ട് കുടിലുകളും വനസമാനമായ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. ഇംഗ്ലീഷുകാര്‍ക്കുവേണ്ടിയുള്ള ധ്യാനങ്ങളാണ് പ്രധാനമായും സംഘടിപ്പിക്കുക.

കര്‍മലീത്താ സന്യാസിയായ കുരിശിലെ വിശുദ്ധ യോഹന്നാന്റെ ജീവിതം കഴിഞ്ഞ ഒരു വര്‍ഷമായി ധ്യാനവിഷയമാക്കിയിരിക്കുന്ന മൂന്നാം സഭാംഗങ്ങളെ ധ്യാനത്തിന്റെ സമാപനത്തില്‍ സിഎംഐ സഭയുടെ അസോസിയേറ്റ്സായി സ്വീകരിച്ചെന്ന് ധ്യാനകേന്ദ്രം ഡയറക്ടറും ശാലോം മീഡിയ യുഎസ്എയുടെ മുന്‍ സ്പിരിച്വല്‍ ഡയറക്ടറുമായ റവ. ഡോ. റോയ് പാലാട്ടി സിഎംഐ പറഞ്ഞു. കര്‍മലീത്ത ഉത്തരീയത്തിന്റെ പ്രതീകത്തിലുള്ള പ്രത്യേക വസ്ത്രവും ഇതിന്റെ ഭാഗമായി അവരെ അണിയിച്ചു.

കര്‍മലീത്താ ആത്മീയതയില്‍ ആകൃഷ്ടരായ ലാറി- ബോണി ഫാമിലി ഏതാണ് മൂന്ന് പതിറ്റാണ്ടുമുമ്പാണ് പ്രകൃതിരമണീയമായ ഈ സ്ഥലം ധ്യാനകേന്ദ്രം തുടങ്ങാന്‍ സിഎംഐ സഭയ്ക്ക് കൈമാറിയത്. ഏതാണ്ട് 20 വര്‍ഷംമുമ്പ് ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഇപ്പോഴാണ് ആരാധനാ കേന്ദ്രവും താമസിച്ച് ധ്യാനിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങിയത്. കത്തോലിക്കാ സഭാംഗങ്ങള്‍ക്ക് മാത്രമല്ല ദൈവാന്വേഷികളായ എതൊരാള്‍ക്കും ധ്യാനിക്കാന്‍ സൗകര്യമുണ്ട്. ഏകാന്ത ധ്യാനത്തിനുള്ള സൗകര്യം കത്തോലിക്കാ സഭയെ കുറിച്ച് പഠിക്കാന്‍ നിരവധി പേര്‍ വിനിയോഗിക്കുന്നുണ്ട്. ഫാ. ജെയിംസ് പനയ്ക്കല്‍ സിഎംഐ ആണ് ധ്യാനകേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേറ്റര്‍.

നാഷ്വില്‍ രൂപതാ ബിഷപ് ജെ. മാര്‍ക്ക് സ്പാള്‍ഡിംഗിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയെ തുടര്‍ന്നായിരുന്നു ധ്യാനകേന്ദ്രത്തിന്റെ ആശീര്‍വാദ കര്‍മം. സിഎംഐ സഭാ ഡെലഗേറ്റ് സുപ്പീരിയര്‍ ഫാ. ബെന്നി മുകളേല്‍, ഫാ. തോമസ് ചാത്തംപറമ്പില്‍ സിഎംഐ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.