പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അലോന നോജി 2026 ലോഗോസ് ക്വിസ് പ്രതിഭ

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ക്വിസ് പ്രോഗ്രാമായ 26-ാമത് അഖിലേന്ത്യാ ലോഗോസ് ക്വിസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ചങ്ങനാശ്ശേരി അതിരൂപതയില്‍നിന്നുള്ള മിസ് അലോന നോജി ലോഗോസ് പ്രതിഭയായി. നെടുങ്കുന്നം സെന്‍റ്. തെരേസാസ് ഗേള്‍സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അലോന. ആദ്യമായാണ് 'ബി' ഗ്രൂപ്പിലെ മത്സരാര്‍ഥി ലോഗോസ് പ്രതിഭയാകുന്നത്. നാലു ലക്ഷത്തിഎഴുപതിനായിരംപേര്‍ പങ്കെടുത്ത പരീക്ഷയില്‍ 600 പേര്‍ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

ഫൈനല്‍ റൗണ്ടിലേക്ക് ആറുപേര്‍ യോഗ്യത നേടി. അതില്‍നിന്നും ലോഗോസ് പ്രതിഭയായ അലോന നോജി സ്വര്‍ണമെഡലും 1,16,000 രൂപയുടെ ക്യാഷ് അവാര്‍ഡും ട്രോഫിയും കരസ്ഥമാക്കി. ബധിര ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാനതല ഫൈനലില്‍ ഒന്നാം സ്ഥാനത്തിന് എറണാകുളം അങ്കമാലി അതിരൂപതയില്‍നിന്നുള്ള റീമ ടോംസണ്‍ അര്‍ഹയായി. കുടുംബങ്ങള്‍ക്കായുള്ള ലോഗോസ് ഫമിലിയ ക്വിസ്സില്‍ ഇരിഞ്ഞാലക്കുട രൂപതയിലെ പീറ്റര്‍, ബിന്‍സി പീറ്റര്‍, ബെനറ്റ പീറ്റര്‍ എന്നിവര്‍ ഒന്നാം സ്ഥാനത്തെത്തി.  

കെ.സി.ബി.സി. ബൈബിള്‍ സൊസൈറ്റിയാണ് ലോഗോസ് ക്വിസിന് നേതൃത്വം കൊടുക്കുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. ലോഗോസ് ബൈബിള്‍ ക്വിസില്‍ ആറു പ്രായ വിഭാഗങ്ങളിലെ ചാമ്പ്യന്മാരെ പങ്കെടുപ്പിച്ച് പാലാരിവട്ടം പി.ഒ.സി.യില്‍ നവംബര്‍ 22ന് നടന്ന ഗ്രാന്‍റ് ഫിനാലെ ടെലിക്വിസിന്, റവ. ഡോ. മരിയ മൈക്കിള്‍ നേതൃത്വം നല്കി. 

മറ്റു പ്രായവിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും : A - ഇമ്മാക്കുലാട ജോസ് (കാഞ്ഞിരപ്പള്ളി രൂപത), B ബ്രദര്‍ മനീഷ് മാര്‍ട്ടിന്‍ (കൊല്ലം രൂപത), C - സോജി ചാക്കോ (ചങ്ങനാശ്ശേരി അതിരൂപത), D റൂബി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത), E - ആനി ജോര്‍ജ് (തൃശ്ശൂര്‍ അതിരൂപത). എറണാകുളം - അങ്കമാലി, പാലാ, തൃശ്ശൂര്‍ എന്നീ രൂപതകളാണ് ഏറ്റവും കൂടുതല്‍ അംഗങ്ങളെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. കുറവിലങ്ങാട്, ഓച്ചന്‍തുരുത്ത്, അങ്കമാലി എന്നീ ഇടവകകളാണ് ഏറ്റവും കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച ഇടവകകള്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.