“ദൈവത്തിന്റെ വിധി രക്ഷയാണ്”: ക്രിസ്തുരാജന്റെ തിരുനാൾ ദിനത്തിൽ ലെയോ പാപ്പ

ദൈവത്തിന്റെ വിധി രക്ഷയാണെന്ന് വെളിപ്പെടുത്തി ലെയോ പതിനാലാമൻ പാപ്പ. സർവലോകത്തിന്റെയും രാജാവായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തിരുനാൾ ദിനത്തിലെ സുവിശേഷവായനയെക്കുറിച്ച് ധ്യാനിച്ചുകൊണ്ട്, നവംബർ 22 ഞായറാഴ്ച നൽകിയ ആഞ്ചലൂസ് സന്ദേശത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ഇപ്രകാരം പറഞ്ഞത്.

“ക്രിസ്തുവാണ് നീതിയുടെ അളവുകോൽ. കാരണം, അവിടുന്നാണ് രക്ഷയുടെ കർത്താവ്. നമ്മുടെ ബന്ധങ്ങളെ പ്രകാശിപ്പിച്ചുകൊണ്ട്, എല്ലാത്തരം അഴിമതികൾക്കുമെതിരായി അവിടുന്ന് അവയുടെ സത്യം തന്നിൽതന്നെ വെളിപ്പെടുത്തുന്നു. അന്ത്യവിധിയെക്കുറിച്ചുള്ള യേശുവിന്റെ വിവരണം ‘എല്ലാ കാലത്തിനും എല്ലാ ജനങ്ങൾക്കും ബാധകമാണ്'”, പാപ്പ പറഞ്ഞു.

കരുണയുടെ പ്രവൃത്തികളിലൂടെ നീതി ജീവനെ നിലനിർത്തുകയും സാഹോദര്യത്തിന്റെ ബന്ധങ്ങൾ സ്ഥാപിക്കുകയും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് പാപ്പ വ്യക്തമാക്കി.

“യുഗാന്ത്യത്തിൽ ക്രിസ്തു എല്ലാ സ്ത്രീകളെയും പുരുഷന്മാരെയും വിധിക്കുമെങ്കിലും, അവിടുന്ന് ഭീഷണിപ്പെടുത്തുന്ന ഒരു സ്വേച്ഛാധിപതിയോ, തന്റെ അധികാരം കൊണ്ട് മറ്റുള്ളവരെ അടിച്ചമർത്തുന്ന ക്രൂരനായ ഒരു ഭരണാധികാരിയോ അല്ല, മറിച്ച് തന്റെ സർവശക്തിയിലൂടെ നമ്മെ വീണ്ടെടുക്കുന്ന യഥാർഥ രാജാവാണ് അവിടുന്ന്. അവിടുന്നാണ് യഥാർഥ മനുഷ്യനും മാനവികതയുടെ നാഥനും,” പാപ്പ കൂട്ടിച്ചേർത്തു.

ആരാധനാക്രമ വർഷത്തിന്റെ അവസാനത്തിൽ ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്നും ലെയോ പാപ്പ വിശദീകരിച്ചു: “കാരണം, അത് എല്ലാ ചരിത്രത്തിന്റെയും പൂർത്തീകരണത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതായത്, അന്ത്യവിധിയിൽ യാഥാർഥ്യമാകുന്ന ദൈവവുമായുള്ള കണ്ടുമുട്ടൽ – നമ്മുടെ ജീവനു വേണ്ടി കർത്താവ് മുഴുവൻ മാനവികതയോടും സംസാരിക്കുന്ന വചനമാണത്. ഈ വിധി യഥാർഥത്തിൽ രക്ഷയാണ്. ലോകത്തോട് ദൈവം സംസാരിക്കുന്ന വചനം കരുണയുടെ പ്രഖ്യാപനമാണ്. എന്നാൽ അതേസമയം തന്നെ, ഈ വിധി എല്ലാ അനീതികളുടെയും മേലുള്ള ശിക്ഷാവിധിയുമാണ്,” പാപ്പ വെളിപ്പെടുത്തി.