സ്കൻതോർപ്പ്; വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും തിരിനാളങ്ങൾ കലകളിലൂടെ വരുംതലമുറയിലേക്ക് പകർന്നുനൽകിക്കൊണ്ട് നടന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഒൻപതാമത് ബൈബിൾ കലോത്സവം സ്കൻതോർപ്പിലെ ഫ്രെഡറിക് ഗൗ സ്കൂളിൽ ഭക്തിനിർഭരവും ആവേശകരവുമായി പരിസമാപിച്ചു. രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 121 പോയിന്റുമായി പ്രെസ്റ്റൻ റീജിയൻ ഒന്നാം സ്ഥാനവും , 112 പോയിന്റുമായി ബ്രിസ്റ്റോൾ -കാർഡിഫ് റീജിയനും 105 പോയിന്റുമായി മാഞ്ചെസ്റ്റർ റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
ഇടവക /മിഷൻ തലങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ ഓഫ് ദി ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ആണ് ദൈവവചനത്തെ കലകളിലൂടെ ആരാധിക്കുകയും രൂപതയുടെ എല്ലാ തലങ്ങളിലും വചനവെളിച്ചം പകരുകയും ചെയ്യുന്ന ഈ മഹോത്സവത്തിൽ, കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപതയുടെ പന്ത്രണ്ട് റീജിയനുകളിൽ നിന്നായി ഇടവക /മിഷൻ /പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ തുടങ്ങി റീജിയണൽ തലങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് പതിനാല് വേദികളിലായി തങ്ങളുടെ കലാവിരുത് തെളിയിച്ചു കൊണ്ട് നടന്ന മത്സരങ്ങളിൽ പങ്കാളികളായത്.
രാവിലെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നടത്തിയ വിശുദ്ധ ഗ്രന്ഥ പ്രതിഷ്ഠയോടെയാണ് കലോത്സവത്തിന് തുടക്കമായത്. തുടർന്ന് നടന്ന ഉത്ഘാടന പ്രസംഗത്തിൽ ദൈവ വചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിൾ കലോത്സവമെന്നും ദൈവ വചനത്തെ കലകളിലൂടെ ആരാധിക്കുന്ന ഈ സമയം വിശ്വാസവും പാരമ്പര്യവും തലമുറകളിലേക്ക് കൈമാറുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.