പൊന്തിഫിക്കൽ സ്വിസ് ഗാർഡിന്റെ പുതിയ ബാരക്കുകളുടെ നിർമ്മാണത്തിന് വഴിയൊരുക്കിയ ഫൗണ്ടേഷന്റെ ഉദാരമനസ്കതയ്ക്ക് ലെയോ പതിനാലാമൻ പാപ്പ നന്ദി പറഞ്ഞു. തിങ്കളാഴ്ച വത്തിക്കാനിൽ ‘ഫൗണ്ടേഷൻ ഫോർ ദി റിനവേഷൻ ഓഫ് ദി ബാരക്സ് ഓഫ് ദി പൊന്തിഫിക്കൽ സ്വിസ് ഗാർഡ്’ അംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.
ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ പേരുകൾ ഗാർഡുകൾക്ക് അറിയില്ലായിരിക്കാം, പക്ഷേ ദൈവത്തിന് അവരെല്ലാവരെയും അറിയാമെന്നും പാപ്പ ഓർമ്മിപ്പിച്ചു. സ്വിസ് അധികൃതരുടെ മേൽനോട്ടത്തിൽ 2016-ൽ സ്ഥാപിതമായ ഈ ലാഭേച്ഛയില്ലാത്ത സംഘടന, സ്വിസ് ഗാർഡ് ബാരക്സ് കെട്ടിടങ്ങളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഇന്നത്തെ ഘടനാപരവും പ്രവർത്തനപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഗാർഡുകൾക്കും അവരുടെ കുടുംബങ്ങൾക്കും അനുയോജ്യമായ തൊഴിൽ-താമസ സാഹചര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഈ നവീകരണ പ്രവർത്തനങ്ങൾ. 2027-ൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.