ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു

തൃശൂര്‍: തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു. 75 വയസ് തികഞ്ഞതിനെ തുടര്‍ന്ന് മേജര്‍ ആര്‍ച്ചുബിഷപ്പിന് രാജിക്കത്ത് നല്‍കി. കാനന്‍ നിയമനുസരിച്ച് ലത്തീന്‍ സഭയില്‍ മെത്രാന്മാര്‍ പാപ്പയ്ക്കും സീറോമലബാര്‍ സഭയില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിനുമാണ് രാജി സമര്‍പ്പിക്കേണ്ടത്.

2004 മുതല്‍ 2007 വരെ തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായും 2007 മാര്‍ച്ച് 18 മുതല്‍ ആര്‍ച്ചുബിഷപ്പുമായി രൂപതയെ നയിച്ചുവരുകയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. വരുന്ന ഡിസംബര്‍ 13ന് അദ്ദേഹത്തിന് 75 വയസ് തികയും.

മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷം നവംബര്‍ 30ന് തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ നടക്കും.

ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണു പരിപാടികള്‍ ആരംഭിക്കുക. സിബിസിഐ മുന്‍ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് അനുഗ്രഹപ്രഭാഷണം നടത്തും. സിബിസിഐ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ചുബിഷപ്പുമായ ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ ആശംസയര്‍പ്പിക്കും. സിബിസിഐ പ്രസിഡന്റിന്റെ സന്ദേശം സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ വായിക്കും.

വൈകുന്നേരം 4.30ന് ലൂര്‍ദ് സെന്റിനറി ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷനാകും. മന്ത്രിമാര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

സുവര്‍ണജൂബിലി ആഘോഷത്തോടനുബന്ധിച്ചു ഭവനരഹിതര്‍ക്കു നൂറു ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും. പുല്ലഴിയിലെ സെന്റ് ജോസഫ്‌സ് ഹോമിനോടു ചേര്‍ന്നു മാനസികരോഗികള്‍ക്കായി ‘ഒപ്പം’ എന്ന പേരില്‍ പകല്‍വീടും ആരംഭിക്കുമെന്നു അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.