വാഷിംഗ്ടൺ ഡിസി: ബൈബിൾ പഠനത്തിനും ഗവേഷണങ്ങൾക്കുമായി പ്രവർത്തിക്കുന്ന അമേരിക്കയിലെ കത്തോലിക്ക പണ്ഡിതരുടെ അക്കാദമിക് സംഘടനയായ 'കാത്തലിക് ബിബ്ലിക്കൽ അസോസിയേഷൻ ഓഫ് അമേരിക്ക'യുടെ തലപ്പത്ത് ചരിത്രത്തിലാദ്യമായി യഹൂദ വനിത. പ്രൊഫസർ ആമി-ജിൽ ലെവിനാണ് ചുമതല ലഭിച്ചിരിക്കുന്നത്. അസോസിയേഷന്റെ 90 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു യഹൂദ പണ്ഡിത ഈ പദവിയിലെത്തുന്നത്.
ബാൾട്ടിമോറിൽ നടന്ന സംഘടനയുടെ 88-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2026-2027 വർഷത്തേക്കുള്ള പ്രസിഡന്റായി ഇവരെ തെരഞ്ഞെടുത്തത്. ആഗോളതലത്തിൽ ആയിരത്തിലധികം അംഗങ്ങളുള്ള ഈ പ്രസ്ഥാനത്തിൽ കത്തോലിക്കരും അല്ലാത്തവരുമായ നിരവധി വേദശാസ്ത്രജ്ഞർ പ്രവർത്തിക്കുന്നുണ്ട്. പുതിയ നിയമവുമായി ബന്ധപ്പെട്ട പ്രമുഖ പണ്ഡിതയായ ലെവിൻ, പ്രശസ്തമായ വാൻഡർബിൽറ്റ് ഡിവൈനിറ്റി സ്കൂളിലെ മുന്‍ പ്രൊഫസറും ഹാർട്ട്ഫോർഡ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമാണ്. കത്തോലിക്കാ സഭയും യഹൂദ സമൂഹവും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാന്‍ ഈ തെരഞ്ഞെടുപ്പ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രിസ്തുവിന്റെ കാലഘട്ടത്തിലെ യഹൂദ ജീവിതത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ തിരുത്തുക, കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങളിലും പ്രസംഗങ്ങളിലും യഹൂദ വിരുദ്ധ നിലപാടുകൾക്കു പകരം കൃത്യമായ ബൈബിൾ അറിവുകൾ ലഭ്യമാക്കുക എന്നിവയാണ് തന്റെ കാലയളവിലെ പ്രധാന മുൻഗണനകളെന്ന് അവർ വ്യക്തമാക്കി. 2019-ൽ റോമിലെ പൊന്തിഫിക്കൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ നിയമം പഠിപ്പിച്ച ആദ്യ യഹൂദ വ്യക്തി കൂടിയാണ് പ്രൊഫസർ ആമി ജിൽ.