ആലുവ: അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (സിസ്റ്റേഴ്‌സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട്- എസ്‌ഡി) ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഇന്നു നടക്കും. ആലുവ തോട്ടുമുഖം എസ്‌ഡി ജനറലേറ്റിൽ കൃതജ്ഞതാ ദിവ്യബലി നടക്കും. 2.30ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിക്കും. മന്ത്രി റോജി എം. ജോൺ, ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, വൈദിക, സമർപ്പിത സമൂഹങ്ങളിൽനിന്നുള്ള പ്രതിനിധികൾ, ജനപ്രതിനിധികൾ, രാഷ്ട്രീയനേതാക്കൾ, അഗതിമന്ദിരങ്ങളുടെ പ്രതിനിധികൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ പങ്കെടുക്കും. ശതാബ്ദിവർഷത്തിൽ പ്രഥമവ്രതം സ്വീകരിച്ച എസ്‌ഡി സന്യാസിനിമാർക്കു സ്വീകരണവും സമർപ്പിതജീവിതത്തിൻ്റെ 25, 50 വർഷങ്ങളിലെത്തിയ എസ്‌ഡി സന്യാസിനിമാർക്ക് അനുമോദനവും ഇന്നലെ നടന്നു.
ശതാബ്ദിയോടനുബന്ധിച്ച് സീറോമലബാർ സഭയിലെ വിവിധ മെത്രാന്മാർ നാളെ എസ്‌ഡി ജനറലേറ്റിൽ ഒരുമിച്ചുചേരും. വൈകുന്നേരം 5.30ന് സമൂഹബലി. മുൻ ജനറൽ കൗൺസിലുകളിലെ അംഗങ്ങൾ 24ന് ജനറലേറ്റിൽ ഒത്തുചേരും. ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി സ്ഥാപിച്ച എസ്‌ഡി സന്യാസിനീ സമൂഹത്തിലെ 1400 ലധികം സന്യാസിനിമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും 12 വിദേശരാജ്യങ്ങളിലെയും ആറു പ്രോവിൻസുകളിലായി പ്രേഷിതശുശ്രൂഷ ചെയ്യുന്നുണ്ട്.