അതിഥിതൊഴിലാളികളെ ആദരിച്ച് സന്യാസിനിമാര്‍

അതിഥിതൊഴിലാളികളെ ആദരിച്ച് എസ്.ഡി സന്യാസിനി സമൂഹം. എസ്.ഡി സഭയുടെ ശതാബ്ദി ആഘോഷങ്ങളോടുനുബന്ധിച്ചായിരുന്നു ആലുവ, തോട്ടുമുഖം ജനറലേറ്റില്‍ അതിഥി തൊഴിലാളികളുടെ സംഗമം നടത്തിയത്.

നൂറോളം അതിഥി തൊഴിലാളികള്‍ പങ്കെടുത്തു. സ്‌നേഹവിരുന്നിനുശേഷം സമ്മാനങ്ങള്‍ നല്‍കിയാണ് അവരെ യാത്രയാക്കിയത്. എസ്ഡി സന്യാസ സമൂഹത്തിന്റെ കാരിസത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഈ സംഗമം. ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്രാന്‍സിയ എസ്.ഡി സന്ദേശം നല്‍കി. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന സഹോദരങ്ങളുടെ അധ്വാന ജീവിതത്തെ ആദരിക്കുവാന്‍ കഴിഞ്ഞത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

തോട്ടുമുഖം ജനറലേറ്റില്‍ ആലുവ ലിറ്റില്‍ ഫ്‌ളവര്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഫ്രാന്‍സിസ് ചിറ്റിനപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതോടെയാണ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞത്.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആശംസാ സമ്മേളനം നടന്നു. നവതിനിറവിലേക്ക് പ്രവേശി ക്കുമ്പോള്‍ സന്യാസസമൂഹത്തിന് ഇത് അഭിമാന നിമിഷങ്ങളാണെന്ന്  സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിസ് ഗ്രെയ്‌സ് പറഞ്ഞു. 1936 മെയ് 7ന് എസ്.ഡിയുടെ ഡയറക്ടര്‍ ജോര്‍ജ് വല്യാറമ്പത്ത് അച്ചനാല്‍ സ്ഥാപിതമായ മര്‍ത്താസ് സഹോദരിമാരുടെ നവതി ആഘോഷങ്ങളും ഇന്നലെ നടന്നു.