ലഹരിവിരുദ്ധ സന്ദേശവുമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

കൊച്ചി: കെസിവൈഎം ലാറ്റിന്‍ സംസ്ഥാന സമിതിയും കെആര്‍എല്‍സിബിസി യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച കെആര്‍ എല്‍സി ജൂബിലി കപ്പ്  2k26 7’s ബൂട്ടഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വരാപ്പുഴ അതിരൂപത ചാമ്പ്യന്മാരായി.  

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റ് ലഹരിക്കെതിരെയുള്ള ബോധവല്ക്കരണംകൂടിയായി മാറി. ആവേശകരമായ മത്സരത്തില്‍ കൊല്ലം രൂപത രണ്ടാം സ്ഥാനവും കോഴിക്കോട് അതിരൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനവും സമ്മാനദാനവും വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം ലാറ്റിന്‍ സംസ്ഥാന പ്രസിഡന്റ് പോള്‍ ജോസ് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. ഡെന്നീസ് കുറുപ്പശേരി, എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

സംസ്ഥാന ഡയറക്ടര്‍ ഫാ. അനൂപ് കളത്തിത്തറ, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന ജനറല്‍ സെ ക്രട്ടറി ഷെറിന്‍ കെ.ആര്‍, വൈസ് പ്രസിഡന്റ് അക്ഷയ് അലക്‌സ്, സംസ്ഥാന സെക്രട്ടറി അലീന ജോര്‍ജ്, മുന്‍ ഇന്ത്യന്‍ താരം ആന്‍സണ്‍ കെ.എ തുടങ്ങിയവര്‍ സംസാരിച്ചു.

വരാപ്പുഴ അതിരൂപത യുവജന കമ്മീഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.